ഇസ്രയേൽ – ഇറാൻ സംഘർഷം: ജനീവ ചർച്ച ഫലം കണ്ടില്ല; ആക്രമണം നിർത്താതെ ആണവ ചർച്ചയില്ലെന്ന് ഇറാൻ

ഇസ്രയേൽ – ഇറാൻ സംഘർഷം: ജനീവ ചർച്ച ഫലം കണ്ടില്ല; ആക്രമണം നിർത്താതെ ആണവ ചർച്ചയില്ലെന്ന് ഇറാൻ

ജനീവ: ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി യൂറോപ്യൻ രാജ്യങ്ങളിലെ നേതാക്കളും നയതന്ത്രജ്ഞരും നടത്തിയ ചർച്ച ഫലം കണ്ടില്ല. ഇസ്രയേൽ ആക്രമണം നിർത്താതെ ആണവ ചർച്ച പുനരാരംഭിക്കാനാകില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി വ്യക്തമാക്കി. ഇസ്രയേലിന്റെ ആക്രമണങ്ങളെ നേരിട്ട് പിന്തുണച്ചിട്ടില്ലാത്തതിനാൽ യൂറോപ്യൻ രാജ്യങ്ങളുമായി ഇനിയും ചർച്ചകൾക്ക് തയ്യാറാണെന്നും അദേഹം പറഞ്ഞു.

സമാധാനപരമായ ആവശ്യങ്ങൾക്കാണ് ഇറാന്റെ ആണവ പദ്ധതിയെന്നും അതിന്മേലുള്ള ആക്രമണം രാജ്യാന്തര നിയമങ്ങൾക്ക് എതിരാണെന്നും ഇറാൻ പറഞ്ഞു. ഇസ്രയേൽ ആക്രമണം തുടർന്നാൽ സ്വയം പ്രതിരോധമെന്ന അവകാശം ഇറാൻ നിർവഹിക്കുമെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി. യുകെ, ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും യൂറോപ്പിലെ നയതന്ത്രജ്ഞരുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

അതിനിടെ ഇസ്രയേലിൻ്റെ വടക്കന്‍ ഭാഗങ്ങളില്‍ ഇറാന്‍ മിസൈലുകള്‍ പതിച്ച് നിരവധിപേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. ഡേ കെയറടക്കമുള്ള ജനവാസ കേന്ദ്രങ്ങളിലാണ് ഇറാന്‍ ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ ആരോപിച്ചു. എന്നാല്‍ സൈനിക ലക്ഷ്യങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണമെന്നാണ് ഇറാന്റെ അവകാശ വാദം.

അതേസമയം ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം പരിഹരിക്കുന്നതിൽ യുറോപ്യൻ രാജ്യങ്ങൾക്ക് സഹായിക്കാനാവില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഭിപ്രായപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.