നൈജീരിയയില്‍ ക്രൈസ്തവ കൂട്ടക്കുരുതി അവസാനിപ്പിക്കണം; ഉപവാസ പ്രാര്‍ത്ഥനയ്ക്ക് ആഹ്വാനവുമായി നൈജീരിയന്‍ മെത്രാന്മാര്‍

നൈജീരിയയില്‍ ക്രൈസ്തവ കൂട്ടക്കുരുതി അവസാനിപ്പിക്കണം; ഉപവാസ പ്രാര്‍ത്ഥനയ്ക്ക് ആഹ്വാനവുമായി നൈജീരിയന്‍ മെത്രാന്മാര്‍

അബുജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ ക്രൈസ്തവ കൂട്ടക്കുരുതി തുടരുന്ന പശ്ചാത്തലത്തിൽ ആശങ്ക പ്രകടിപ്പിച്ച് നൈജീരിയന്‍ മെത്രാന്മാര്‍. ബെന്യു സംസ്ഥാനത്ത് കഴി‍ഞ്ഞ ദിവസങ്ങളായി നടന്ന ക്രിസ്ത്യൻ വംശഹത്യ ഇനി ആവർത്തിക്കരുതെന്ന് ആവശ്യപ്പെട്ട് ഉപവാസ പ്രാർത്ഥന സംഘടിപ്പിക്കാനൊരുങ്ങുകയാണ് ക്രൈസ്തവ നേതൃത്വം.

യാതൊരു പ്രകോപനവും കൂടാതെ നടത്തുന്ന ആക്രമണങ്ങളും നിരപരാധികളെ ഇല്ലായ്മ ചെയ്യുന്നതും അവസാനിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നൈജീരിയയിലെ ഗ്ബോക്കോ കത്തോലിക്ക രൂപതയിലെ ബിഷപ്പ് വില്യം അമോവ് അവെന്യ അഭ്യര്‍ത്ഥിച്ചു. പ്രദേശത്ത് നിന്നും ഉയരുന്നത് വേദനയുടെ നിലവിളിയാണെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

ഏകദേശം രണ്ട് പതിറ്റാണ്ടുകളായി തുടരുന്ന നിരന്തരമായ അക്രമത്തിന്റെയും കുടിയിറക്കലിന്റെയും കഷ്ടപ്പാടുകളുടെയും ഇരുണ്ട ചിത്രമാണ് ബെന്യു താഴ്‌വരയില്‍ ഉള്ളത്. ബെന്യു സംസ്ഥാനം തുടർച്ചയായ കൊലപാതകങ്ങൾക്കും ആക്രമണങ്ങള്‍ക്കും ആയിരക്കണക്കിന് തദേശീയരെ അവരുടെ പൂർവ്വിക മാതൃ സ്ഥലങ്ങളില്‍ നിന്ന് പുറത്താക്കുന്നതിനും സാക്ഷ്യം വഹിച്ചു. ഈ പ്രക്രിയയിൽ അവരുടെ ഉപജീവന മാർഗം പൂർണമായും നശിപ്പിക്കപ്പെട്ടുവെന്നും നൈജീരിയൻ ബിഷപ്പ് ചൂണ്ടിക്കാട്ടി.

ലിയോ പതിനാലാമൻ മാർപാപ്പയും നൈജീരിയയിലെ ക്രിസ്ത്യൻ വംശഹത്യയെ അപലപിച്ചിരുന്നു. നൈജീരിയയിൽ സുരക്ഷ, നീതി, സമാധാനം എന്നിവ പുലരണം എന്നാണ് പാപ്പ പറഞ്ഞത്.

നൈജീരിയയിലെ മിഡിൽ ബെൽറ്റിലാണ് ബെന്യൂ സ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത്. മുസ്ലീം ഭൂരിപക്ഷമുള്ള വടക്കൻ പ്രദേശത്തെയും ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള തെക്കൻ പ്രദേശത്തെയും വേർതിരിക്കുന്ന മേഖലയാണിത്. 98 ശതമാനം ക്രിസ്ത്യനികളാണ്. കൃഷിയെ ആശ്രയിച്ചാണ് ഇവരുടെ ജീവിതം.

ഫുലാനി ഇസ്ലാമിക ഭീകരർക്ക് വിദേശ ധനസഹായം ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. പശ്ചിമേഷ്യയിൽ നിന്ന് ആരംഭിക്കുന്ന ആഫ്രിക്കൻ ജിഹാദി ഗ്രൂപ്പായ മിഡിൽ ബെൽറ്റിന്റെ ഭാഗമായാണ് ഇവരുടെ പ്രവർത്തനം. ബോക്കോ ഹറാം, ഐഎസ്ഡബ്ല്യുഎപിയും ഇതേ ബെൽറ്റിന്റെ ഭാഗമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.