ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനാപകടം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ എഐഎസ്എടിഎസ് ഓഫീസില്‍ ജീവനക്കാര്‍ പാര്‍ട്ടിയാഘോഷിച്ച സംഭവത്തില്‍ നടപടി. നാല് മുതിര്‍ന്ന ജീവനക്കാരോട് എയര്‍ ഇന്ത്യയുടെ എയര്‍പോര്‍ട്ട് ഗേറ്റ്വേ സര്‍വീസസ് ദാതാവായ എഐഎസ്എടിഎസ് രാജി ആവശ്യപ്പെട്ടതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ജോലി സ്ഥലത്ത് ജീവനക്കാര്‍ പാര്‍ട്ടി ആഘോഷിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.
എഐഎസ്എടിഎസിന്റെ ഗുരുഗ്രാം ഓഫീസിലാണ് ആഘോഷ പരിപാടികള്‍ നടന്നത്. എയര്‍ ഇന്ത്യ ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനാപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങളോട് കമ്പനി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതായും അനുയോജ്യമല്ലാത്ത സമയത്ത് നടന്ന ആഘോഷത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും എഐഎസ്എടിഎസ് വക്താവ് പറഞ്ഞു.
ജീവനക്കാരുടെ ഈ പെരുമാറ്റം കമ്പനിയുടെ മൂല്യങ്ങള്‍ക്ക് ചേര്‍ന്നതല്ല. ഉത്തരവാദികള്‍ക്കെതിരെ കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദേഹം വ്യക്തമാക്കി. ജൂണ്‍ 20 നാണ് വീഡിയോ ദൃശ്യങ്ങള്‍ക്ക് ആസ്പദമായ ആഘോഷം നടന്നത്. മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം ആഘോഷത്തില്‍ പങ്കെടുത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.