ഹമാസ് സഹ സ്ഥാപകന്‍ ഹകം മുഹമ്മദ് ഇസയെ വധിച്ച് ഇസ്രയേല്‍; കൊല്ലപ്പെട്ടത് സംഘടനയുടെ മുതിര്‍ന്ന നേതാക്കളില്‍ അവസാനത്തെ വ്യക്തി

ഹമാസ് സഹ സ്ഥാപകന്‍ ഹകം മുഹമ്മദ് ഇസയെ വധിച്ച്  ഇസ്രയേല്‍; കൊല്ലപ്പെട്ടത് സംഘടനയുടെ മുതിര്‍ന്ന നേതാക്കളില്‍ അവസാനത്തെ വ്യക്തി

ടെല്‍ അവീവ്: ഹമാസ് സഹ സ്ഥാപകനും ഒക്ടോബര്‍ ഏഴ് ആക്രമണത്തിന്റെ ഉത്തരവാദികളില്‍ ഒരാളുമായ ഹകം മുഹമ്മദ് ഇസ അല്‍ ഇസയെ വധിച്ചതായി ഇസ്രയേല്‍ സൈന്യം.

ഗാസ നഗരത്തിലെ സാബ്ര പ്രദേശത്ത് വെള്ളിയാഴ്ച നടത്തിയ വ്യോമാക്രമണത്തിലാണ് ഇസ അല്‍ ഇസ കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു. ഇസ്രയേല്‍ സുരക്ഷാ ഏജന്‍സിയും (ഐഎസ്എ) ഐഡിഎഫും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്.

ഒക്ടോബര്‍ ഏഴിന് ഇസ്രയേല്‍ അതിര്‍ത്തിയില്‍ കടന്നുകയറി ഹമാസ് നടത്തിയ ആക്രമണത്തിന്റെയും കൂട്ടക്കൊലയുടെയും സുപ്രധാന പങ്കാളിയായിരുന്നു ഇസ അല്‍ ഇസയെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു.

ആക്രമണത്തിന്റെ ആസൂത്രണത്തിലും നടപ്പാക്കലിലും അല്‍ ഇസയ്ക്ക് പ്രധാന പങ്കുണ്ട്. 1200 ലധികം ആളുകളാണ് അന്ന് കൊല്ലപ്പെട്ടത്. 250-ലധികം പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തു.

അടുത്തിടെ ഇസ്രയേല്‍ സൈനികര്‍ക്കും സിവിലിയന്മാര്‍ക്കും നേരെ ആക്രമണം ആസൂത്രണം ചെയ്തതില്‍ മുഖ്യ പങ്കാളിയുമാണ് അല്‍ ഇസ. ഹമാസിന്റെ സഹ സ്ഥാപകനും സൈനിക വിഭാഗം തലവനുമായാണ് ഇസ അല്‍ ഇസയെ വിശേഷിപ്പിക്കുന്നത്.

ഹമാസിന്റെ അഡ്മിനിസ്ട്രേറ്റീവ് ആസ്ഥാനത്തിന്റെ തലവനായും പ്രവര്‍ത്തിച്ചു. ഐഡിഎഫ് നല്‍കുന്ന വിവരമനുസരിച്ച്, ഗാസയില്‍ അവശേഷിക്കുന്ന ഹമാസിന്റെ മുതിര്‍ന്ന നേതാക്കളില്‍ അവസാനത്തെ വ്യക്തിയാണ് മുഹമ്മദ് ഇസ അല്‍ ഇസ.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.