എടിഎം ഫീസ് മുതല്‍ ട്രെയിന്‍ ടിക്കറ്റ് നിരക്കില്‍ വരെ വന്‍ മാറ്റം; പുതിയ നിരക്കുകള്‍ ഇന്ന് മുതല്‍, കൂടുതല്‍ അറിയാം

എടിഎം ഫീസ് മുതല്‍ ട്രെയിന്‍ ടിക്കറ്റ് നിരക്കില്‍ വരെ വന്‍ മാറ്റം; പുതിയ നിരക്കുകള്‍ ഇന്ന് മുതല്‍, കൂടുതല്‍ അറിയാം

ന്യൂഡല്‍ഹി: ജൂലൈ ഒന്ന് മുതല്‍ രാജ്യത്ത് ട്രെയിന്‍ ടിക്കറ്റ് നിരക്കിലും ബാങ്കുകളുടെ വിവിധ സേവന നിരക്കിലും ക്രെഡിറ്റ് കാര്‍ഡ് ഫീസിലും വലിയ മാറ്റങ്ങള്‍. തല്‍കാല്‍ ടിക്കറ്റ് ബുക്കിങിലും പുതിയ പാന്‍ കാര്‍ഡ് അപേക്ഷയുടെ കാര്യത്തിലും ആദായ നികുതി റിട്ടേണിന്റെ കാര്യത്തിലും മാറ്റങ്ങളുണ്ട്. വ്യക്തിഗത നികുതിദായകരെയും എസ്ബിഐ, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കളെയുമാണ് ഈ മാറ്റങ്ങള്‍ പ്രധാനമായം ബാധിക്കുക.
പാന്‍ കാര്‍ഡിന് ആധാര്‍ നിര്‍ബന്ധം

ജൂലൈ ഒന്ന് മുതല്‍ വ്യക്തികള്‍ക്ക് പാന്‍ കാര്‍ഡിനായി അപേക്ഷിക്കാന്‍ ആധാര്‍ വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കി. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സേഷന്റെ പുതിയ നിയമപ്രകാരമാണിത്. ഇതുവരെ ഡ്രൈവിങ് ലൈസന്‍സ് പോലുള്ള സര്‍ക്കാര്‍ നല്‍കുന്ന ഏതെങ്കിലും സാധുവായ തിരിച്ചറിയല്‍ രേഖയും ജനന സര്‍ട്ടിഫിക്കറ്റും ഉണ്ടെങ്കില്‍ പാന്‍ കാര്‍ഡിന് അപേക്ഷിക്കാമായിരുന്നു.

നിലവിലുള്ള പാന്‍ ഉടമകള്‍ ഡിസംബര്‍ 31 നകം അവരുടെ ആധാര്‍ നമ്പറുകള്‍ ലിങ്ക് ചെയ്യുകയും വേണം. ഇക്കാര്യം പാലിച്ചില്ലെങ്കില്‍ നിലവിലുള്ള പാന്‍കാര്‍ഡ് നിര്‍ജീവമായേക്കും. ടാക്സ് ഫയല്‍ ചെയ്യുന്നത് കൂടുതല്‍ സുതാര്യമാക്കുന്നതിനും ഡിജിറ്റല്‍ വല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെയും കൂടി ഭാഗമായിട്ടാണ് പുതിയ പരിഷ്‌കാരം. നികുതി വെട്ടിപ്പ് തടയാന്‍ ഇത് ഏറെ സഹായകമാകുമെന്നും അധികൃതര്‍ അറിയിച്ചു. വ്യാജ പാന്‍ കാര്‍ഡുകള്‍ തടയുക എന്ന ലക്ഷ്യം കൂടിയാണ് ഈ ഉത്തരവിന് പിന്നില്‍. ഒരു വ്യക്തിക്ക് ഒന്നില്‍ കൂടുതല്‍ പാന്‍ കാര്‍ഡുകള്‍ കൈവശം വയ്ക്കാന്‍ അനുവാദമില്ല. ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ പാന്‍ കാര്‍ഡുകള്‍ ഉണ്ടെന്ന് കണ്ടെത്തിയാല്‍ 10,000 രൂപ പിഴ ചുമത്താം.

തല്‍കാല്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിങിനും ആധാര്‍

തല്‍കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് ഇനി ആധാര്‍ ആധാര്‍ വെരിഫിക്കേഷന്‍ നിര്‍ബന്ധമായിരിക്കും. കൂടാതെ ജൂലൈ 15 മുതല്‍ ഓണ്‍ലൈനായോ നേരിട്ടോ ഉള്ള എല്ലാ ടിക്കറ്റ് ബുക്കിങിനും രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പറിലേക്ക് ഒറ്റത്തവണ അയക്കുന്ന പാസ്വേഡ് ഉള്‍പ്പെടെയുള്ള ടു-ഫാക്ടര്‍ ഓതന്റിക്കേഷന്‍ ആവശ്യമാണ്.

അതേസമയം തല്‍കാല്‍ ബുക്കിങ് ആരംഭിച്ച് ആദ്യ അരമണിക്കൂറിന് ശേഷമേ ഏജന്റുമാര്‍ക്ക് ബുക്കിങിന് അവസരം ലഭിക്കൂ. എസി ക്ലാസ് തല്‍കാല്‍ ടിക്കറ്റുകള്‍ക്ക് 10 മുതല്‍ 10:30 വരെയും നോണ്‍ എസി വിഭാഗത്തില്‍ 11 മുതല്‍ 11:30 വരെയുമാണ് ഏജന്റുമാരെ വിലക്കിയത്.
ട്രെയിന്‍ ടിക്കറ്റ് നിരക്കിലും വര്‍ധന

ജൂലൈ ഒന്ന് മുതലുള്ള ട്രെയിന്‍ ടിക്കറ്റ് നിരക്കിലെ വര്‍ധനവും നിലവില്‍ വന്നു. മെയില്‍, എക്സ്പ്രസ് നോണ്‍ എസി ടിക്കറ്റുകളില്‍ കിലോമീറ്ററിന് ഒരു പൈസയാണ് കൂടുക. എസി ടിക്കറ്റിന് രണ്ടുപൈസ കൂടും. ഓര്‍ഡിനറി തീവണ്ടികളുടെ നോണ്‍ എസി ടിക്കറ്റിന് കിലോമീറ്ററിന് അരപൈസ വര്‍ധനയുണ്ടാവും. എന്നാല്‍ ഇത് ആദ്യത്തെ 500 കിലോമീറ്ററിന് ബാധകമാവില്ല. സബര്‍ബന്‍ തീവണ്ടികള്‍ക്കും സീസണ്‍ ടിക്കറ്റിനും വര്‍ധനയുണ്ടാവില്ല. അഞ്ചു വര്‍ഷത്തിന് ശേഷമാണ് നിരക്കില്‍ മാറ്റംവരുന്നത്.

നേരത്തെ എടുത്ത ടിക്കറ്റുകള്‍ക്ക് നിരക്ക് വര്‍ധന ബാധകമാവില്ല. ജിഎസ്ടി ബാധകമായ ടിക്കറ്റുകള്‍ക്ക് വര്‍ധനയ്ക്ക് ആനുപാതികമായി നികുതിയും കൂടും. റിസര്‍വേഷന്‍ നിരക്കോ സൂപ്പര്‍ഫാസ്റ്റ് സര്‍ച്ചാര്‍ജോ കൂടില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.