ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്ക് വെളിപ്പെടുത്തി മുഖ്യ സൂത്രധാരന്‍ തഹാവൂര്‍ റാണ. താന്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ വിശ്വസ്തനായ ഏജന്റായിരുന്നു. ഭീകരാക്രമണം നടക്കുമ്പോള്‍ താന്‍ മുംബൈയില്‍ തന്നെ ഉണ്ടായിരുന്നു.
പാക് ചാര സംഘടനയായ ഐഎസ്ഐയുടെ ആസൂത്രണത്തോടെ നടത്തിയ ആക്രമണമാണ് മുംബൈയിലേതെന്നും എന്‍ഐഎയുടെ ചോദ്യം ചെയ്യലില്‍ തഹാവൂര്‍ റാണ വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ തീഹാര്‍ ജയിലില്‍ എന്‍ഐഎ കസ്റ്റഡിയിലാണ് തഹാവൂര്‍ റാണ ഇപ്പോഴുളളത്.
തനിക്കും സുഹൃത്തും സഹായിയുമായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിക്കും പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ലഷ്‌കറെ ത്വൊയ്ബയുമായി നിരവധി പരിശീലന സെഷനുകള്‍ ഉണ്ടായിരുന്നതായി റാണ പറഞ്ഞു.
ലഷ്‌കറെ ത്വൊയ്ബ പ്രധാനമായും ഒരു ചാര ശൃംഖലയായി പ്രവര്‍ത്തിച്ചെന്നും റാണ സമ്മതിച്ചു. 2003, 2004 കാലഘട്ടങ്ങളില്‍ താന്‍ പാകിസ്ഥാന്‍ ഭീകരവാദ സംഘടനയുടെ ക്യാമ്പുകളില്‍ പങ്കെടുത്തിട്ടുണ്ടെന്നും ഇയാള്‍ മൊഴി നല്‍കി.
മുംബൈയില്‍ ഒരു ഇമിഗ്രേഷന്‍ സെന്റര്‍ തുറക്കാനുള്ള ആശയം തന്റേതാണ്. ഇതിലൂടെ സാമ്പത്തിക ഇടപാടുകളെല്ലാം ബിസിനസ് ചെലവുകള്‍ എന്ന നിലയിലാണ് നടത്തിയിരുന്നത്.
പാകിസ്ഥാന്‍ സൈന്യവുമായി ദീര്‍ഘകാലമായി സഹകരിച്ചു വരികയാണ്. ഖലീജ് യുദ്ധ സമയത്ത് പാക് സൈന്യം തന്നെ സൗദി അറേബ്യയിലേക്ക് അയച്ചിരുന്നുവെന്നും റാണ അന്വേഷണസംഘത്തോട് വെളിപ്പെടുത്തി.
ഏപ്രില്‍ ഒമ്പതിനാണ് തഹാവൂര്‍ റാണയെ അമേരിക്കയില്‍ നിന്ന് ഇന്ത്യയില്‍ എത്തിച്ചത്. റാണക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന, കൊലപതാകം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.
2008 നവംബര്‍ 26 നാണ് മുംബൈയില്‍ ഭീകരാക്രമണം നടന്നത്. താജ്, ഒബ്‌റോയ് ഹോട്ടലുകള്‍, ഛത്രപതി ശിവജി ടെര്‍മിനസ്, ജൂത കേന്ദ്രമായ നരിമാന്‍ ഹൗസ് തുടങ്ങിയ സ്ഥലങ്ങളിലായി പത്ത് പാക് ഭീകരര്‍ നടത്തിയ ആക്രമണങ്ങളില്‍ 166 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.