നാളെ അഖിലേന്ത്യാ പണിമുടക്ക്: കേരളത്തില്‍ ബസ്, ടാക്‌സി സര്‍വീസുകള്‍ നിലയ്ക്കും; ബാങ്കുകളും ഓഫീസുകളും തുറക്കില്ല

നാളെ അഖിലേന്ത്യാ പണിമുടക്ക്: കേരളത്തില്‍ ബസ്, ടാക്‌സി സര്‍വീസുകള്‍ നിലയ്ക്കും; ബാങ്കുകളും ഓഫീസുകളും തുറക്കില്ല

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ തൊഴിലാളി വിരുദ്ധ നയങ്ങള്‍ നടപ്പിലാക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ അഖിലേന്ത്യാ പണിമുടക്ക് ഇന്ന് രാത്രി 12 ന് ആരംഭിക്കും.

കേരളത്തില്‍ ഭരണ, പ്രതിപക്ഷ സംഘടനകള്‍ പ്രത്യേകമായാണ് പണിമുടക്കുന്നത്. ഐഎന്‍ടിയുസി ഉള്‍പ്പെടെയുള്ള യുഡിഎഫ് സംഘടനകള്‍ സംസ്ഥാന സര്‍ക്കാരിനെതിരെയും പ്രതിഷേധിക്കും.

പണിമുടക്കിന്റെ ഭാഗമായി ഓട്ടോ, ടാക്സി സര്‍വീസുകള്‍ ഉള്‍പ്പെടെ മുടങ്ങും. കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കില്‍ ഭാഗമാകില്ലെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേശ് കുമാര്‍ പറഞ്ഞെങ്കിലും മന്ത്രിയെ തള്ളി യൂണിയനുകള്‍ രംഗത്തെത്തിയതോടെ കെഎസ്ആര്‍ടിസി ഓടാന്‍ സാധ്യതയില്ല.

കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, കളക്ടറേറ്റുകള്‍ എന്നിവ നാളെ പ്രവര്‍ത്തിക്കില്ല. ബാങ്ക് സേവനങ്ങളും തടസപ്പെടും. എല്‍ഐസി, മറ്റ് ഇന്‍ഷ്വറന്‍സ് സേവനങ്ങള്‍ എന്നിവയും ഉണ്ടായിരിക്കില്ല. സ്‌കൂള്‍, കോളജ് അധ്യാപകരും പണിമുടക്കിന്റെ ഭാഗമാണ്. അതിനാല്‍, സ്‌കൂളുകളും കോളജുകളും പ്രവര്‍ത്തിക്കില്ല.

എന്നാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഔദ്യോഗിമായി അവധി പ്രഖ്യാപിച്ചിട്ടില്ല. കൊറിയര്‍ സര്‍വീസ്, ടെലികോം സേവനങ്ങള്‍ എന്നിവയും പണിമുടക്കും. കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കും. മാളുകളും പ്രവര്‍ത്തിച്ചേക്കില്ല.

അതേസമയം അവശ്യ സര്‍വീസുകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പാല്‍, പത്രം, ആശുപത്രി, മെഡിക്കല്‍ സ്റ്റോറുകള്‍, ജലവിതരണം, അഗ്‌നിശമന സേവനങ്ങള്‍ എന്നിവയെ പണിമുടക്ക് ബാധിക്കില്ല.

വിമാനത്താവളങ്ങളിലേക്കും റെയില്‍വേ സ്റ്റേഷനുകളിലേക്കും പോകുന്ന വാഹനങ്ങള്‍, മുന്‍കൂട്ടി നിശ്ചയിച്ച വിവാഹം, ടൂറിസം മേഖല എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. റസ്റ്ററന്റുകള്‍ തുറക്കില്ലെങ്കിലും താമസ സൗകര്യമുള്ള ഹോട്ടലുകള്‍ പ്രവര്‍ത്തിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.