'റോയിട്ടേഴ്സിന്റെ അക്കൗണ്ടുകള്‍ തടയാന്‍ നിര്‍ദേശിച്ചത് സര്‍ക്കാര്‍'; ഇന്ത്യയിലെ മാധ്യമ സെന്‍സര്‍ഷിപ്പില്‍ ആശങ്കയെന്ന് എക്‌സ്

'റോയിട്ടേഴ്സിന്റെ അക്കൗണ്ടുകള്‍ തടയാന്‍ നിര്‍ദേശിച്ചത് സര്‍ക്കാര്‍'; ഇന്ത്യയിലെ മാധ്യമ സെന്‍സര്‍ഷിപ്പില്‍ ആശങ്കയെന്ന് എക്‌സ്

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് ഉള്‍പ്പെടെ ഇന്ത്യയില്‍ തടഞ്ഞെന്നും ഇന്ത്യയില്‍ മാധ്യമ സെന്‍സര്‍ഷിപ്പുണ്ടെന്നും ആരോപിച്ച് ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്സ്.

സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് റോയിട്ടേഴ്സിന്റെ ഉള്‍പ്പെടെയുള്ള അക്കൗണ്ടുകള്‍ ഇന്ത്യയില്‍ ബ്ലോക്ക് ചെയ്തതെന്നും ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും എക്സ് പങ്കുവെച്ച കുറിപ്പിലുണ്ട്. എന്നാല്‍ റോയിട്ടേഴ്സിന്റെ എക്സ് അക്കൗണ്ട് തടയാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്.

ജൂലൈ മൂന്നിനാണ് ഇന്ത്യന്‍ സര്‍ക്കാര്‍ 2355 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനായി ഉത്തരവിട്ടതെന്ന് എക്സ് ഗ്ലോബല്‍ ഗവണ്‍മെന്റ് അഫയേഴ്സ് ടീം പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. റോയിട്ടേഴ്സ്, റോയിട്ടേഴ്സ് വേള്‍ഡ് എന്നീ അക്കൗണ്ടുകള്‍ ഉള്‍പ്പെടെയുള്ള 2355 അക്കൗണ്ടുകള്‍ തടയാനാണ് ഐടി ആക്ടിലെ 69A സെക്ഷന്‍ പ്രകാരം സര്‍ക്കാര്‍ ഉത്തരവിട്ടത്.

ഒരു മണിക്കൂറിനുള്ളില്‍ നടപടി സ്വീകരിക്കണമെന്നായിരുന്നു ഐടി മന്ത്രാലയത്തിന്റെ ആവശ്യം. യാതൊരു കാരണവും പറയാതെ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഈ അക്കൗണ്ടുകളെല്ലാം ബ്ലോക്ക് ചെയ്ത നിലയില്‍ തുടരണമെന്നും ആവശ്യപ്പെട്ടു.

എന്നാല്‍, പൊതുജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് റോയിട്ടേഴ്സിന്റെയും റോയിട്ടേഴ്സ് വേള്‍ഡിന്റെയും അക്കൗണ്ടുകള്‍ അണ്‍ബ്ലോക്ക് ചെയ്യാന്‍ പിന്നീട് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചെന്നും എക്സ് അറിയിച്ചു.

ഇന്ത്യയില്‍ നടക്കുന്ന ഈ മാധ്യമ സെന്‍സര്‍ഷിപ്പില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ട്. ഇക്കാര്യത്തില്‍ ലഭ്യമായ എല്ലാ നിയമവഴികളും പരിശോധിച്ചു വരികയാണ്. ഇത്തരം നടപടികള്‍ നേരിട്ട ഉപയോക്താക്കളോട് കോടതികള്‍ വഴി നിയമപരമായ പരിഹാര മാര്‍ഗങ്ങള്‍ തേടാനും എക്സിന്റെ ഗ്ലോബല്‍ ഗവണ്‍മെന്റ് അഫയേഴ്സ് ടീം നിര്‍ദേശിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.