ക്രിസ്ത്യന്‍ പള്ളിയിലെ പ്രാര്‍ഥനയില്‍ പങ്കെടുത്തു; തിരുപ്പതി ക്ഷേത്ര ജീവനക്കാരന് സസ്പെന്‍ഷന്‍

ക്രിസ്ത്യന്‍ പള്ളിയിലെ പ്രാര്‍ഥനയില്‍ പങ്കെടുത്തു; തിരുപ്പതി ക്ഷേത്ര ജീവനക്കാരന് സസ്പെന്‍ഷന്‍

അമരാവതി: ക്രിസ്ത്യന്‍ പള്ളിയിലെ പ്രാര്‍ഥനയില്‍ പങ്കെടുത്തതിന് തിരുമല തിരുപ്പതി ക്ഷേത്ര ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. തിരുമല തിരുപ്പതി ദേവസ്ഥാനം അഡ്മിനിസ്ട്രേറ്റീവ് ബോഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസര്‍ എ. രാജശേഖര്‍ ബാബുവിനെയാണ് പള്ളിയിലെ പ്രാര്‍ഥനയില്‍ പങ്കെടുത്തതിന് സസ്പെന്‍ഡ് ചെയ്തത്.

ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിലെ പള്ളിയില്‍ രാജശേഖര്‍ പ്രാര്‍ഥന നടത്തുന്നതിന്റെ വീഡിയോ വൈറലായിരുന്നു. എല്ലാ ഞായറാഴ്ചയും രാജശേഖര്‍ പള്ളിയില്‍ പോയിരുന്നുവെന്നും ക്രിസ്തുമതം പ്രചരിപ്പിക്കുന്നതില്‍ ഏര്‍പ്പെട്ടെന്നും ആരോപിച്ചാണ് സസ്പെന്‍ഡ് ചെയ്തത്.

അഹിന്ദു മത പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതിന്റെ ഭാഗമായാണ് സസ്പെന്‍ഡ് ചെയ്തെന്നാണ് ക്ഷേത്ര ഭാരവാഹികള്‍ പറയുന്നത്. നേരത്തെ സമാനമായ കാരണങ്ങളാല്‍ 18 ജീവക്കാരെ സ്ഥലം മാറ്റിയിരുന്നു.

രാജശേഖര്‍ ഒരു ഹിന്ദു മത സംഘടനയെ പ്രതിനിധീകരിക്കുന്ന ജീവനക്കാരനാണ്. എന്നാല്‍ പെരുമാറ്റച്ചട്ടം പാലിക്കുന്നതില്‍ അദേഹം പരാജയപ്പെട്ടുവെന്നും നിരുത്തരവാദപരമായി പെരുമാറിയെന്നും തിരുപ്പതി ദേവസ്ഥാനത്തിന്റെ മാനദണ്ഡങ്ങളുടെ ലംഘനമാണ് ഇതെന്നും ഭാരവാഹികള്‍ പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.