ബംഗളൂരു: തീവ്രവാദ കേസില്‍ തടവില്‍ കഴിയുന്ന കണ്ണൂര്‍ സ്വദേശി തടിയന്റവിട നസീര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജയിലില്‍ അനധികൃതമായി സഹായം നല്‍കിയ സംഭവത്തില്‍ പൊലിസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യുടെ പിടിയിലായി.
ജയിലില്‍ തീവ്രവാദം പ്രചരിപ്പിക്കാന്‍ അല്‍ ഖ്വയ്ദയുടെ നേതൃത്വത്തില്‍ ശ്രമം നടത്തിയെന്ന ആരോപണത്തില്‍ 2023 ല്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് നടപടി.
തടിയന്റവിട നസീറിനെ പാര്‍പ്പിച്ചിരിക്കുന്ന ബംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലെ സൈക്യാട്രിസ്റ്റ് ഡോ. നാഗരാജ്, എഎസ്‌ഐ ചാന്‍ പാഷ, തീവ്രവാദ കേസില്‍ പ്രതിയായി ഒളിവില്‍ കഴിയുന്ന യുവാവിന്റെ മാതാവ് അനീസ ഫാത്തിമ എന്നിവരാണ് അറസ്റ്റിലായത്. കര്‍ണാടകയിലെ രണ്ട് ജില്ലകളിലായി നടത്തിയ തിരച്ചിലിനും അന്വേഷണത്തിനും ഒടുവിലാണ് നടപടി.
തടവുകാര്‍ക്ക് വേണ്ടി ഡോ. നാഗരാജ് ജയിലിലേക്ക് മൊബൈല്‍ ഫോണുകള്‍ എത്തിച്ചു എന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. തടിയന്റവിട നസീറിനും ഇത്തരത്തില്‍ നാഗരാജ് സഹായം ചെയ്തിരുന്നു. എഎസ്‌ഐ ചാന്‍ പാഷ നസീറിനെ കോടതികളില്‍ എത്തിക്കുന്നതിന്റെ വിവരങ്ങള്‍ കൈമാറിയെന്നാണ് മറ്റൊരു കണ്ടെത്തല്‍.
ജയിലില്‍ പണം എത്തിച്ചു നല്‍കി എന്നാണ് അനീസ ഫാത്തിമയ്ക്ക് എതിരായ ആരോപണം. പിടിയിലായവരുടെ വീടുകളില്‍ ഉള്‍പ്പെടെ എന്‍ഐഎ പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നും ഡിജിറ്റല്‍ ഉപകരണങ്ങള്‍, പണം, സ്വര്‍ണം, രേഖകള്‍ എന്നിവ പിടിച്ചെടുത്തതായും എന്‍ഐഎ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.