ന്യൂഡല്‍ഹി: പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയിലുള്ള ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ഓഫര്‍ ഫോര്‍ സെയില്‍ മാതൃകയില്‍ ഓഹരികള്‍ വിറ്റഴിക്കാനാണ് അനുമതി നല്‍കിയത്. നിലവില്‍ എല്‍ഐസിയില്‍ കേന്ദ്ര സര്‍ക്കാരിന് 96.5 ശതമാനം ഓഹരി പങ്കാളിത്തമാണ് ഉള്ളത്. ഇതില്‍ എത്ര ശതമാനം ഓഹരികള്‍ വിറ്റഴിക്കും എന്നതിനെ സംബന്ധിച്ചുള്ള കണക്കുകള്‍ പുറത്തുവന്നിട്ടില്ല.
നടപ്പ് സാമ്പത്തിക വര്‍ഷത്തെ സര്‍ക്കാരിന്റെ ഓഹരി വിറ്റഴിക്കല്‍ ലക്ഷ്യം കൈവരിക്കുക എന്നതിനെ അടിസ്ഥാനമാക്കിയാണ് പുതിയ നീക്കം. കൂടാതെ ഇന്‍ഷുറന്‍സ് ഭീമനായ എല്‍ഐസിയുടെ മൂല്യം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യവും പിന്നിലുണ്ട്. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം ആറ് ലക്ഷം കോടി രൂപയോളമാണ്. ഒരു ശതമാനം ഓഹരി വില്‍പന പോലും സര്‍ക്കാരിന് 6,000 കോടി രൂപ വരെ നേടാന്‍ സഹായകമാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
ഇത് യാഥാര്‍ഥ്യമായാല്‍ ഈ സാമ്പത്തിക വര്‍ഷത്തെ സര്‍ക്കാരിന്റെ ഓഹരി വിറ്റഴിക്കല്‍ പദ്ധതിയിലെ പ്രധാന ഇടപാടുകളില്‍ ഒന്നായി ഇത് മാറുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സെബിയുടെ ഏറ്റവും കുറഞ്ഞ പൊതുജന ഓഹരി പങ്കാളിത്ത മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനും മറ്റുമായി രണ്ട് വര്‍ഷത്തിനുള്ളില്‍ കമ്പനിയുടെ 6.5 ശതമാനം ഓഹരികള്‍ പല ഘട്ടങ്ങളിലായി വില്‍ക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.