ന്യൂഡൽഹി: ഇലോണ്‍ മസ്‌കിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് (സാറ്റ്‌കോം) കമ്പനിയായ സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ അന്തിമ അനുമതി. ബഹിരാകാശ വകുപ്പിന് കീഴിലുള്ള ഇൻസ്‌പേസ് (ഇന്ത്യൻ നാഷണൽ സ്‌പേസ് പ്രമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ) അനുമതിയാണ് ഒടുവിൽ സ്റ്റാർലിങ്കിന് ലഭിച്ചത്.
അനുമതി ലഭിച്ച തീയതി മുതൽ അഞ്ച് വർഷത്തേക്കോ അല്ലെങ്കിൽ ജെൻ 1 ഉപഗ്രഹ ശൃംഖലയുടെ പ്രവർത്തന കാലാവധി അവസാനിക്കുന്നത് വരെയോ (ഏതാണോ ആദ്യം സംഭവിക്കുന്നത്) ആയിരിക്കും ഈ അനുമതിയുടെ കാലാവധി. ഇന്ത്യയുടെ വിദൂര പ്രദേശങ്ങളിൽ പോലും അതിവേഗ ഉപഗ്രഹ ഇന്റർനെറ്റ് എത്തിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പാണിത്.
അതേസമയം സ്റ്റാർലിങ്കിന്റെ സേവനങ്ങൾ ആരംഭിക്കുന്നതിന് സർക്കാർ വകുപ്പുകളിൽ നിന്നുള്ള എല്ലാ റെഗുലേറ്ററി അനുമതികളും ലൈസൻസുകളും ആവശ്യമാണ്. 540‑കിലോമീറ്ററിനും 570 കിലോമീറ്ററിനും ഇടയിൽ ഉയരത്തിൽ ഭൂമിയെ ചുറ്റുന്ന 4,408 ഉപഗ്രഹങ്ങൾ ഉൾപ്പെടുന്ന ഒരു ആഗോള ശൃംഖലയാണ് സ്റ്റാർലിങ്ക് ജെൻ1.
സാറ്റ്കോം സേവനം ആരംഭിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ പൂര്‍ണ അനുമതി ലഭിക്കുന്ന മൂന്നാമത്തെ സേവനദാതാക്കളാണ് സ്റ്റാര്‍ലിങ്ക്. വണ്‍വെബ്ബിനും റിലയന്‍സ് ജിയോയുടെ സാറ്റ്കോം വിഭാഗത്തിനുമാണ് നേരത്തേ സമാനമായി അനുമതി ലഭിച്ചത്. എന്നാല്‍ ഇവരില്‍ നിന്ന് വ്യത്യസ്തമായി എഴുപതില്‍ അധികം രാജ്യങ്ങളില്‍ നിലവില്‍ സ്റ്റാര്‍ലിങ്ക് സാറ്റ്കോം സേവനം നല്‍കുന്നുണ്ട്. ഔദ്യോഗികമായി ലോഞ്ച് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും രണ്ട് മാസത്തിനുള്ളില്‍ വാണിജ്യ സേവനങ്ങള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതിമാസ ഡേറ്റാ പ്ലാനിന് സ്റ്റാര്‍ലിങ്ക് 3,000 രൂപ ഈടാക്കുമെന്നാണ് സൂചന. കൂടാതെ സാറ്റലൈറ്റ് ഡിഷ് അടക്കമുള്ള ഹാര്‍ഡ്വേര്‍ കിറ്റും 33,000 രൂപ ചെലവില്‍ വാങ്ങേണ്ടി വരും.