ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. അപകടത്തില്‍പെട്ട എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാനത്തിന്റെ വൈദ്യുതി സംവിധാനം നിലച്ചത് അപകടകാരണമെന്ന് എയര്‍ ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ടേക്ക് ഓഫ് ചെയ്ത് സെക്കന്‍ഡുകള്‍ക്കകം വിമാനത്തിന്റെ രണ്ട് എന്‍ജിനുകളുടെയും പ്രവര്‍ത്തനം നിലച്ചതാണ് അകടത്തിന് കാരണമായത്.
ബോയിങ് 787-8 വിമാനത്തിന്റെ എഞ്ചിന്‍ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ ഓഫ് ചെയ്ത നിലയിലായിരുന്നു. കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡറില്‍ പൈലറ്റുമാരില്‍ ഒരാള്‍ മറ്റേയാളോട് ആരാണ് ഈ സ്വിച്ചുകള്‍ ഓഫ് ചെയ്തതെന്ന് ചോദിക്കുന്നുണ്ട്. താനല്ല ഓഫ് ചെയ്തതെന്ന് മറുപടി നല്‍കുന്നതിന്റെയും ശബ്ദരേഖ അന്വേഷണ സംഘത്തിന് ലഭിച്ചു.
സ്വിച്ചുകള്‍ ഓഫായിരുന്നത് ശ്രദ്ധയില്‍പ്പെട്ട് പെട്ടെന്ന് ഓണ്‍ ചെയ്തെങ്കിലും എന്‍ജിനുകള്‍ അപ്പോഴേക്കും ഓഫ് ആകുകയും തിരികെ പ്രവര്‍ത്തിച്ചു തുടങ്ങുന്നതിന് മുമ്പ് തന്നെ വിമാനം തകര്‍ന്നുവീഴുകയുമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൃത്യമായ വിവരങ്ങള്‍ അറിയാന്‍ വിശദമായ അന്വേഷണം വേണമെന്നാണ് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നത്. അഹമ്മദാബാദ് വിമാന ദുരന്തം നടന്ന് ഒരു മാസമാകുന്ന ദിവസമാണ് ഇതുസംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
സഹപൈലറ്റ് ക്ലൈവ് കുന്ദറാണ് വിമാനം പറത്തിയത്. പൈലറ്റ്-ഇന്‍-കമാന്‍ഡായ സുമീത് സബര്‍വാള്‍ നിരീക്ഷിക്കുകയായിരുന്നു. സബര്‍വാള്‍ ബോയിംഗ് 787 വിമാനം 8600 മണിക്കൂര്‍ പറത്തിയ പൈലറ്റാണ്. കുന്ദര്‍ 1,100 മണിക്കൂര്‍ വിമാനം പറത്തിയ പരിചയമുള്ളയാളുമായിരുന്നു. സര്‍വീസ് തുടങ്ങും മുന്‍പ് ഇരുവര്‍ക്കും മതിയായ വിശ്രമം ലഭിച്ചിരുന്നു. 260 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തില്‍ വിശദമായ അന്വേഷണം ആവശ്യമെന്ന് റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ ദിവസമാണ് വ്യോമയാന മന്ത്രാലയത്തിന് അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഒരേസമയം രണ്ട് എന്‍ജിനുകളും പ്രവര്‍ത്തന രഹിതമായതാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. വിമാനത്തില്‍ പക്ഷി ഇടിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.