വിമാനത്തിന്റെ ഫ്യൂവല്‍ സ്വിച്ച് ഓഫായതില്‍ നീഗൂഢത; വിശദമായ അന്വേഷണം വരും

വിമാനത്തിന്റെ ഫ്യൂവല്‍ സ്വിച്ച് ഓഫായതില്‍ നീഗൂഢത; വിശദമായ അന്വേഷണം വരും

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ കാരണം ബോയിങ് വിമാനത്തിലെ ഫ്യുവല്‍ സ്വിച്ചുകള്‍ ഓഫായിരുന്നതിനാലാണെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരിക്കുന്നത്. വിമാനത്തിന്റെ എന്‍ജിനിലേക്കുള്ള ഇന്ധനത്തിന്റെ ഒഴുക്കിനെ നിയന്ത്രിക്കുന്ന സ്വിച്ചുകളാണിവ. അപകട സമയത്ത് വിമാനത്തിന്റെ രണ്ട് എന്‍ജിനുകളും ഓഫായിരുന്നുവെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

വിമാനങ്ങളിലെ ഫ്യൂവല്‍ സ്വിച്ചുകള്‍ നിര്‍ണായകമാണ്. അങ്ങനെ അബദ്ധത്തില്‍ കൈതട്ടിയാല്‍ ഓഫായി പോകുന്ന തരം സ്വിച്ചല്ല അവയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാനത്തിന്റെ എന്‍ജിനുകളിലേക്ക് ഇന്ധനം എത്തുന്നത് നിയന്ത്രിക്കുന്നത് ഫ്യൂവല്‍ സ്വിച്ചുകളിലൂടെയാണ്. വിമാന എന്‍ജിനുകള്‍ പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ ഇവ ആദ്യം ഓണ്‍ ചെയ്യണം. എന്‍ജിന്‍ പ്രവര്‍ത്തനം നിര്‍ത്തണമെങ്കില്‍ ഇവ ഓഫ് ചെയ്യുകയും വേണം. വിമാനം പറന്നുയര്‍ന്ന് യാത്ര തുടരുന്നതിനിടെ അടിയന്തര സാഹചര്യം വന്ന് എന്‍ജിന്‍ നിലച്ചാല്‍ ഇവ ഓഫ് ചെയ്ത് പെട്ടെന്ന് തന്നെ ഓണ്‍ ചെയ്യും. ഇങ്ങനെ എന്‍ജിന്‍ റീ സ്റ്റാര്‍ട്ട് ചെയ്യാറുണ്ട്.

മാത്രമല്ല അറിയാതെ കൈ തട്ടി സ്ഥാനം മാറുന്ന രീതിയിലല്ല ഫ്യൂവല്‍ സ്വിച്ചുകളുടെ രൂപകല്‍പ്പന. എന്നാല്‍ ഇവ ഓഫാകുന്ന പക്ഷം പെട്ടെന്ന് തന്നെ എന്‍ജിന്‍ പ്രവര്‍ത്തനം നിലയ്ക്കും. വിമാനത്തിലെ മറ്റ് സംവിധാനങ്ങളില്‍ നിന്ന് സ്വന്ത്രമായാണ് ഫ്യൂവല്‍ സ്വിച്ച് പ്രവര്‍ത്തിക്കുന്നത്. സാമാന്യ ബുദ്ധിയുള്ള ഒരു പൈലറ്റും അനാവശ്യമായി ഈ സ്വിച്ചുകള്‍ കട്ട് ഓഫ് ചെയ്യുകയില്ല. പ്രത്യേകിച്ച് വിമാനം ടേക്ക് ഓഫ് ചെയ്യുന്ന വേളയില്‍.

വിമാനത്തിലെ രണ്ട് എന്‍ജിനുകള്‍ക്കും രണ്ട് ഫ്യൂവല്‍ സ്വിച്ചുകളാണ് ഉള്ളത്. കോക്പിറ്റില്‍ വിമാനത്തിന്റെ ത്രസ്റ്റ് നിയന്ത്രിക്കുന്ന ത്രോട്ടില്‍ ലിവറിന്റെ സമീപത്തായാണ് ഈ സ്വിച്ചുകള്‍ സ്ഥാപിച്ചിട്ടുള്ളത്. അതിന്റെ സ്ഥാനം മാറ്റിയാല്‍ ചെറിയ ഇളക്കങ്ങള്‍ മൂലമോ അറിയാതെ കൈ തട്ടിയോ സ്ഥാനം മാറാതിരിക്കാന്‍ സംവിധാനവും ഉണ്ട്. ഇത് പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ പൈലറ്റ് ഈ സ്വിച്ച് മുകളിലേക്ക് വലിച്ച് മുന്നോട്ടൊ പിന്നോട്ടോ മാറ്റണം. മുന്നോട്ട് മാറ്റുമ്പോള്‍ റണ്‍ പൊസിഷനിലും പിന്നോട്ട് മാറ്റുമ്പോള്‍ കട്ട് ഓഫ് പൊസിഷനിലും എത്തും. കട്ട് ഓഫ് പൊസിഷനില്‍ എത്തി സ്വിച്ച് റിലീസ് ചെയ്താല്‍ എന്‍ജിന്‍ പ്രവര്‍ത്തനം പെട്ടെന്ന് നിലയ്ക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.