ലണ്ടൻ: ബ്രിട്ടീഷ് സർക്കാർ പാലസ്തീൻ ആക്ഷൻ ഗ്രൂപ്പിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചതിനെതിരെ ശനിയാഴ്ച ലണ്ടനിൽ നടന്ന പ്രകടനത്തിൽ 42 പേർ അറസ്റ്റിൽ. റോയൽ എയർഫോഴ്‌സ് ബേസിൽ നടന്ന പ്രതിഷേധത്തിനും ആക്രമണത്തിനും പിന്നാലെയാണ് പൊലീസ് ഈ നടപടി സ്വീകരിച്ചത്.
41 പേരെ നിരോധിത സംഘടനയെ പിന്തുണച്ച് മുദ്രാവാക്യം വിളിച്ചതിനും, പ്രത്യേക വസ്ത്രം ധരിച്ചതിനും, പതാകകൾ, അടയാളങ്ങൾ, ലോഗോകൾ എന്നിവ കാണിച്ചതിനുമാണ് അറസ്റ്റ് ചെയ്തത്. മറ്റൊരാൾക്കെതിരെ പൊതു ആക്രമണ കുറ്റവും ചുമത്തി. ലണ്ടന് പുറമ മാഞ്ചസ്റ്റർ, കാർഡിഫ്, ലണ്ടൻഡെറി എന്നിവിടങ്ങളിലും പ്രകടനങ്ങൾ നടന്നു.
അതേ സമയം ഈ പാലസ്തീൻ അനുകൂല ഗ്രൂപ്പിനെ പിന്തുണച്ച് ആളുകൾ തെരുവിലിറങ്ങിയ രണ്ടാമത്തെ ആഴ്ചയായിരുന്നു ഇത്. കഴിഞ്ഞ ആഴ്ചയും സമാനമായ ഒരു പ്രകടനത്തിൽ 29 പേരെ അറസ്റ്റ് ചെയ്തിരുന്നു. മഹാത്മാ ഗാന്ധിയുടെയും നെൽസൺ മണ്ടേലയുടെയും പ്രതിമകൾക്ക് കീഴിൽ പ്രകടനത്തിനായി പാർലമെന്റ് സ്ക്വയറിൽ രണ്ട് സംഘങ്ങൾ ഒത്തുകൂടിയിരുന്നു. പിന്നീട് ഇവരെയും അറസ്റ്റ് ചെയ്തു നീക്കിയിരുന്നു.
ഈ മാസം ആദ്യമാണ് പാലസ്തീൻ ആക്ഷനെ തീവ്രവാദ വിരുദ്ധ നിയമം 2000 പ്രകാരം നിരോധിത സംഘടനയായി പ്രഖ്യാപിച്ചത്. ഇപ്പോൾ ഈ ഗ്രൂപ്പിൽ അംഗമാകുകയോ അതിനെ പിന്തുണയ്‌ക്കുന്ന ഏതെങ്കിലും നടപടി സ്വീകരിക്കുകയോ ചെയ്താൽ 14 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം.