ജലന്ധര്‍: പഞ്ചാബിലെ ജലന്ധര്‍ രൂപത ബിഷപ്പായി ഡോ. ജോസ് സെബാസ്റ്റ്യന്‍ തെക്കുംചേരിക്കുന്നേല്‍ അഭിഷിക്തനായി. ജലന്ധര്‍ ട്രിനിറ്റി കോളജ് ഗ്രൗണ്ടില്‍ നടന്ന മെത്രാഭിഷേക ചടങ്ങില്‍ ഡല്‍ഹി ആര്‍ച്ച് ബിഷപ് ഡോ. അനില്‍ ജോസഫ് തോമസ് കൂട്ടോ മുഖ്യകാര്‍മികത്വം വഹിച്ചു.
ജലന്ധര്‍ രൂപത മുന്‍ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ഡോ. ആഗ്നലോ റുഫിനോ ഗ്രേഷ്യസ്, ഉജൈന്‍ ബിഷപ്പ് ഡോ. സെബാസ്റ്റ്യന്‍ വടക്കേല്‍ എന്നിവര്‍ സഹ കാര്‍മികരായിരുന്നു.
ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് ഡോ. ലിയോപോള്‍ദോ ജിറേലി അനുമോദന പ്രസംഗം നടത്തി. ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ആശീര്‍വാദവും ആശംസകളും ഡോ. ജിറേലി സദസിനെ അറിയിച്ചു. ഷിംല-ചണ്ഡീഗഡ് ബിഷപ്പ് ഡോ. സഹായ തഥേവൂസ് തോമസ് സന്ദേശം നല്‍കി.
പ്രായത്തിന്റെ വിഷമതകള്‍ മറന്ന് മകന്റെ മെത്രാഭിഷേക ചടങ്ങില്‍ നേരിട്ട് സാക്ഷിയാകാന്‍ ബിഷപ്പ് ഡോ. തെക്കുംചേരിക്കുന്നേലിന്റെ അമ്മ ഏലിക്കുട്ടി കോട്ടയം ജില്ലയിലെ കാളകെട്ടിയില്‍ നിന്നെത്തിയിരുന്നു. മെത്രാഭിഷേകത്തിന് പിന്നാലെ ബിഷപ്പ് തെക്കുംചേരിക്കുന്നേല്‍ വേദിക്ക് താഴെയെത്തി അമ്മയുടെ അനുഗ്രഹം വാങ്ങി.

ബിഷപ്പായി അഭിഷിക്തനായ ശേഷം ഡോ. ജോസ് സെബാസ്റ്റ്യന്‍ തെക്കുംചേരിക്കുന്നേല്‍ വേദിയുടെ താഴെയെത്തി അമ്മ ഏലിക്കുട്ടിയുടെ അനുഗ്രഹം വാങ്ങുന്നു.
ഫരീദാബാദ് ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, ഗാന്ധിനഗര്‍ ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ഇഗ്‌നേഷ്യസ് മക്വാന്‍, ബിഷപ്പുമാരായ മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ (ജഗദല്‍പുര്‍), മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ (തക്കല), മാര്‍ ജോസ് പുത്തന്‍വീട്ടില്‍ (ഫരീദാബാദ്), ഡോ. ദീപക് വലേറിയന്‍ ടോറോ (ഡല്‍ഹി), മാര്‍ വിന്‍സന്റ് നെല്ലായിപറമ്പില്‍ (ബിജ്നോര്‍), ഡോ. ഐവാന്‍ പെരേര (ജമ്മു), എമരിറ്റസ് ബിഷപ്പ് ഡോ. ഇഗ്‌നേഷ്യസ് മസ്‌ക്രീനാസ് (ചണ്ഡീഗഡ്), ഡോ. ഭാസ്്കര്‍ യേശുരാജ് (മീററ്റ്), ഡോ. ഇഗ്‌നേഷ്യസ് ഡിസൂസ (ബറേലി) തുടങ്ങിയവരടക്കം ഇരുപതിലേറെ ബിഷപ്പുമാരും ബിഷപ്പ് തെക്കുംചേരിക്കുന്നേലിന്റെ മാതൃരൂപതയായ പാലായുടെ വികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍ അടക്കമുള്ളവരും സ്ഥാനാരോഹണ ചടങ്ങില്‍ പങ്കാളികളായി.
ബിഷപ്പിന്റെ കുടുംബാംഗങ്ങളും സ്വന്തം ഇടവകയായ ചെമ്മലമറ്റത്തെയും സമീപത്തെ തിടനാട്, ചേറ്റുതോട് തുടങ്ങിയ ഇടവകകളിലെയും ഏതാനും വൈദികരും സന്യസ്തരും വിശ്വാസികളും സുഹൃത്തുക്കളും മെത്രാഭിഷേകത്തില്‍ പങ്കെടുത്തു. ജലന്ധറിലെയും സമീപ രൂപതകളിലെയും നൂറുകണക്കിന് വൈദികര്‍, കന്യാസ്ത്രീകള്‍, പതിനായിരത്തിലേറെ വിശ്വാസികള്‍ തുടങ്ങിയവരും മണിക്കുറുകള്‍ നീണ്ട ചടങ്ങുകളിലുടനീളം സംബന്ധിച്ചു.

തുടര്‍ന്ന് നടന്ന അനുമോദന സമ്മേളനത്തില്‍ ജലന്ധറിലെ വിവിധ ജനപ്രതിനിധികള്‍, രാഷ്ട്രീയനേതാക്കള്‍, സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഡോ. സ്റ്റീഫന്‍ ആലത്തറ, ജലന്ധര്‍ ജയ്‌റാണി പ്രോവിന്‍സിലെ സിസ്റ്റര്‍ റോസ് മേരി പീടിക തടത്തില്‍ എസ്എബിഎസ്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ഡേവിഡ് മാസി തുടങ്ങിയവര്‍ പ്രസംഗിച്ചു. പഞ്ചാബിലെ 18 ജില്ലകളിലും ഹിമാചല്‍ പ്രദേശിന്റെ ചില ഭാഗങ്ങളിലും വ്യാപിച്ചു കിടക്കുന്ന ജലന്ധര്‍ രൂപതയില്‍ 147 ഇടവകകളും 214 വൈദികരും 897 സന്യസ്തരുമുണ്ട്.