ന്യൂഡല്‍ഹി: യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം 15ന് നടപ്പാക്കരുത് എന്നാവശ്യപ്പെട്ട് അമ്മ പ്രേമ കുമാരി യെമന്‍ പ്രോസിക്യൂട്ടര്‍ക്ക് അപേക്ഷ നല്‍കി.
വധശിക്ഷ നടപ്പാക്കാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് നിമിഷ പ്രിയയുടെ അമ്മ അപേക്ഷ നല്‍കിയത്. വധശിക്ഷ ഈ മാസം 15 ന് നടപ്പാക്കരുത് എന്നും ദയാദനം സംബന്ധിച്ച് കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ചര്‍ച്ചകള്‍ നടക്കുകയാണെന്നും പ്രേമകുമാരി അപേക്ഷയില്‍ പറയുന്നു. സനായിലെ ജയിലില്‍ എത്തി നിമിഷ പ്രിയയെ കാണാനുള്ള അമ്മയുടെ ശ്രമങ്ങളും തുടരുകയാണ്.
അതേസമയം നിമിഷ പ്രിയയുടെ മോചനത്തിനായി അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. കേസില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിഞ്ഞ ദിവസം കോടതി നിര്‍ദേശം നല്‍കിയിരുന്നു.
കേസിന്റെ അടിയന്തര സ്വഭാവം പരിഗണിച്ച് അഡ്വക്കേറ്റ് രാജ് ബഹുദൂര്‍ യാദവ് കേന്ദ്ര സര്‍ക്കാറിന് വേണ്ടി വക്കാലത്ത് സമര്‍പ്പിച്ചു. നിമിഷ പ്രിയയുടെ മോചനം എത്രയും വേഗം സാധ്യമാക്കാനുള്ള വഴികള്‍ തേടുകയാണ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വ്യക്തമാക്കി.