'നിമിഷ പ്രിയയുടെ മോചനത്തിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്; കൂടുതല്‍ ഇടപെടലിന് പരിമിതിയുണ്ട്': കേന്ദ്രം സുപ്രീം കോടതിയില്‍

'നിമിഷ പ്രിയയുടെ മോചനത്തിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്;  കൂടുതല്‍ ഇടപെടലിന് പരിമിതിയുണ്ട്': കേന്ദ്രം സുപ്രീം കോടതിയില്‍

വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീം കോടതി.

ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിന് പരമാവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ട രമണി സുപ്രീം കോടതിയെ അറിയിച്ചു.

ഇതിനായി യെമനില്‍ സ്വാധീനമുള്ള ഒരു ഷെയ്ഖിന്റെ സഹായം ഉപയോഗിക്കുന്നുണ്ടെന്നും കൂടുതല്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ജസ്റ്റിസുമാരായ വിക്രംനാഥും സന്ദീപ് മേത്തയും ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റിയ കോടതി വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് അഭിപ്രായപ്പെട്ടു.

കൊല്ലപ്പെട്ട യെമന്‍ പൗരനായ തലാല്‍ അബ്ദുള്‍ മഹ്ദിയുടെ സഹോദരന്‍ ഇതുവരെ ദിയാധനം വാങ്ങാന്‍ തയ്യാറായിട്ടില്ല. കുടുംബത്തിന്റെ അഭിമാനമായാണ് ഈ വിഷയത്തെ അദേഹം കാണുന്നതെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു.

ഇന്ത്യക്ക് നയതന്ത്ര ബന്ധം കുറവായ യെമനിലെ ഇടപെടലിന് പരിമിതിയുണ്ട്. എങ്കിലും വധശിക്ഷ നടപ്പാക്കുന്നത് സസ്പെന്‍ഡ് ചെയ്യണമെന്ന് യെമനിലെ പബ്ലിക് പ്രോസിക്യുട്ടറോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു.

ദയാധനം നല്‍കുന്നതിനുള്ള പണം ഒരു വിഷയമല്ലെന്ന് നിമിഷ പ്രിയക്കായി സുപ്രീം കോടതിയെ സമീപിച്ച സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ വ്യക്തമാക്കി.

എത്ര പണം വേണമെങ്കിലും ലോകമെമ്പാടുമുളള മലയാളികള്‍ക്ക് സമാഹരിക്കാന്‍ കഴിയുമെന്ന് സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രാകേന്ദ് ബസന്തും അഭിഭാഷകന്‍ കെ.ആര്‍. സുഭാഷ് ചന്ദ്രനും സുപ്രീം കോടതിയെ അറിയിച്ചു.

കൊലക്കേസില്‍ യമന്‍ തലസ്ഥാനമായ സനായിലെ ജയിലിലാണ് നിമിഷ പ്രിയ. ബുധനാഴ്ചയാണ് വധശിക്ഷ നടപ്പാക്കാന്‍ നിശ്ചയിച്ച തിയതി. ഇത് മരവിപ്പിക്കുന്നതിനും നിമിഷ പ്രിയയുടെ മോചനത്തിനുമായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം എന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ അഭിഭാഷകന്‍ കെ.ആര്‍ സുഭാഷ് ചന്ദ്രനാണ് ഹര്‍ജി നല്‍കിയത്.

2017 ജൂലൈയില്‍ തലാല്‍ അബ്ദുള്‍ മഹ്ദി കൊല്ലപ്പെട്ട കേസിലാണ് വധശിക്ഷ. ആഭ്യന്തരയുദ്ധം കലുഷമായ യെമന്‍ തലസ്ഥാനമായ സനാ ഹൂതി വിമതരുടെ നിയന്ത്രണത്തിലാണ്. ഇന്ത്യന്‍ എംബസി അയല്‍ രാജ്യമായ ജിബൂട്ടിയിലാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.