ശ്രീധരന്‍പിള്ളയെ മാറ്റി; അശോക് ഗജപതി രാജു പുതിയ ഗോവ ഗവര്‍ണര്‍

ശ്രീധരന്‍പിള്ളയെ മാറ്റി; അശോക് ഗജപതി രാജു പുതിയ ഗോവ ഗവര്‍ണര്‍

പനാജി: ഗോവ ഗവര്‍ണറായിരുന്ന അഡ്വ. പി.എസ് ശ്രീധരന്‍പിള്ളയെ മാറ്റി. അശോക് ഗജപതി രാജുവാണ് പുതിയ ഗവര്‍ണര്‍. രാഷ്ട്രപതി ഭവന്‍ ഇതു സംബന്ധിച്ച ഉത്തരവ് ഇന്ന് പുറപ്പെടുവിച്ചു. മുന്‍ വ്യോമായന മന്ത്രിയാണ് അശോക് ഗജപതി രാജു. ശ്രീധരന്‍പിള്ളക്ക് പുതിയ നിയമനം നല്‍കിയിട്ടില്ല.

2019 മുതല്‍ 2021 വരെ മിസോറാം ഗവര്‍ണറായിരുന്ന പി.എസ് ശ്രീധരന്‍പിള്ള പിന്നീട് ഗോവയുടെ ഗവര്‍ണറായി നിയമിക്കപ്പെട്ടു. മിസോറാം ഗവര്‍ണര്‍ എന്ന നിലയില്‍ അദേഹം കാലാവധി പൂര്‍ത്തിയാക്കിയിരുന്നു.

ബിജെപി സംസ്ഥാന പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് തുടങ്ങി വിവിധ സംഘടനാ ചുമതലകളും അദേഹം നിര്‍വഹിച്ചിരുന്നു. സുപ്രീം കോടതിയടക്കം വിവിധ കോടതികളില്‍ അഭിഭാഷകനായും പ്രാക്ടീസ് ചെയ്തിട്ടുണ്ട്. നൂറോളം പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

ഗോവയെ കൂടാതെ ഹരിയാനയിലും ലഡാക്കിലും പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. അഷിം കുമാര്‍ ഗോഷാണ് ഹരിയാന ഗവര്‍ണര്‍. കവീന്ദര്‍ ഗുപ്തയാണ് ലഡാക്ക് ലഫ്റ്റന്റ് ഗവര്‍ണര്‍. ലഡാക്ക് കേന്ദ്രഭരണ പ്രദേശത്തിന്റെ ലഫ്റ്റനന്റ് ഗവര്‍ണര്‍ ബി.ഡി മിശ്ര രാജിവച്ചതിനെ തുടര്‍ന്നാണ് പുതിയ ഗവര്‍ണറെ നിയമിച്ചത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.