ടെഹ്റാന്‍: ഇസ്രയേലുമായുള്ള ഏറ്റുമുട്ടലിന് ശേഷം ഇറാനില്‍ ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുന്നതായി റിപ്പോര്‍ട്ട്. വെടിനിര്‍ത്തലിന് ശേഷമുള്ള രണ്ടാഴ്ചയ്ക്കിടെ അടിസ്ഥാന രഹിതമായ കുറ്റങ്ങള്‍ ചുമത്തി ടെഹ്റാന്‍, റാഷ്ത്, ഉര്‍മിയ തുടങ്ങിയ നഗരങ്ങളില്‍ നിന്ന് 21 ക്രിസ്ത്യാനികളെയെങ്കിലും ഇറാന്റെ ഇന്റലിജന്‍സ് മന്ത്രാലയം അറസ്റ്റ് ചെയ്തതായി യു.കെ ആസ്ഥാനമായുള്ള സന്നദ്ധ സംഘടനയായ ആര്‍ട്ടിക്കിള്‍ 18 ന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ട കണക്കാണെന്നും കൂടുതല്‍ അറസ്റ്റുകള്‍ നടന്നിരിക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വംശീയവും മതപരവുമായ വിധത്തില്‍ ന്യൂനപക്ഷങ്ങളെ ലക്ഷ്യംവച്ചുള്ള വ്യാപകമായ അടിച്ചമര്‍ത്തലിന്റെ ഭാഗമായാണ് നടപടിയെന്ന് ആര്‍ട്ടിക്കിള്‍ 18 റിപ്പോര്‍ട്ട് ചെയ്യുന്നു.
ബൈബിള്‍ കൈവശം വച്ചതിന് ചില ക്രൈസ്തവരെ അറസ്റ്റ് ചെയ്തു. ഐക്യരാഷ്ട്ര സഭയിലെ പ്രതിനിധികളായ മായ് സാറ്റോയും നാസില ഘാനിയയും ഇറാന്റെ നടപടികള്‍ക്കെതിരെ രംഗത്ത് വന്നു. സംഘര്‍ഷാനന്തര അടിച്ചമര്‍ത്തലിലൂടെ തങ്ങള്‍ക്ക് വിയോജിപ്പുള്ള കാര്യങ്ങളെ നിശബ്ദമാക്കരുതെന്ന് പ്രതിനിധികള്‍ പറഞ്ഞു.
ന്യൂനപക്ഷങ്ങളെ രാജ്യദ്രോഹികള്‍ എന്നും മറ്റ് തരത്തിലുള്ള മോശം പദപ്രയോഗങ്ങളിലൂടെയും മുദ്രകുത്തി ഇറാനിയന്‍ മാധ്യമങ്ങളില്‍ ഉപയോഗിക്കുന്ന മനുഷ്യത്വ രഹിതമായ വിശേഷണങ്ങളെയും യു.എന്‍ പ്രതിനിധികള്‍ അപലപിച്ചു.
അതേസമയം ഇസ്രയേല്‍ ആക്രമണത്തിനിടെ കുറഞ്ഞത് 11 ക്രൈസ്തവരെ എവിന്‍ ജയിലില്‍ തടവിലാക്കുകയും പിന്നീട് സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ഐദ നജഫ്‌ലൂ ഉള്‍പ്പെടെ നിരവധി പേര്‍ ഖാര്‍ചക് ജയിലില്‍ തടവിലാണ്.
രാജ്യത്ത് മനുഷ്യത്വ രഹിതമായ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതിനെതിരെ നിരന്തരം ശബ്ദമുയര്‍ത്തിയ നേതാവായിരുന്നു ഐദ. ക്രൈസ്തവര്‍ക്ക് ജീവിക്കാന്‍ ബുദ്ധിമുട്ടുള്ള ആഗോള രാജ്യങ്ങളെ കുറിച്ചുള്ള ഓപ്പണ്‍ ഡോഴ്‌സിന്റെ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് ഇസ്ലാം മതാധിഷ്ഠിത രാജ്യമായ ഇറാന്‍.