ന്യൂഡല്‍ഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചന ശ്രമങ്ങളില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാരുടെ ഇടപെടലിനെ കുറിച്ച് അറിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം.
നിമിഷ പ്രിയയുടെ വധശിക്ഷ അവസാന നിമിഷം മാറ്റി വച്ചത് കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാരുടെ ഇടപെടലിനെ തുടര്‍ന്നാണെന്ന നിലയില്‍ വലിയ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്സ്വാളിന്റെ പ്രതികരണം.
കാന്തപുരത്തിന്റെ ഇടപെടലിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു വിദേശകാര്യ വക്താവ്. നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവച്ചതില്‍ നിങ്ങള്‍ ഉന്നയിച്ച വ്യക്തിയുടെ ഇടപെടലിനെ കുറിച്ച് പങ്കിടാന്‍ തന്റെ കയ്യില്‍ വിവരങ്ങളില്ലെന്നായിരുന്നു വിദേശകാര്യ വക്താവിന്റെ പ്രതികരണം.
നിമിഷ പ്രിയയുടെ വധശിക്ഷ ഒരു സെന്‍സിറ്റീവ് വിഷയമാണ്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടികളും ചെയ്തു വരുന്നുണ്ട്. അവരുടെ കുടുംബത്തിനായി നിയമ സഹായം ഉള്‍പ്പെടെ ചെയ്യാന്‍ സര്‍ക്കാര്‍ അഭിഭാഷകനെ നിയോഗിച്ചിട്ടുണ്ട്.
പ്രശ്ന പരിഹാരത്തിന് പ്രാദേശിക അധികാരികളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തന്നുണ്ട്. വധശിക്ഷ നടപ്പാക്കുന്നത് നീട്ടി വച്ചതോടെ ചര്‍ച്ചകള്‍ക്ക് കൂടുതല്‍ അവസരം ലഭിച്ചു. വിദേശ രാജ്യങ്ങള്‍ വഴി സമ്മര്‍ദം ഉള്‍പ്പെടെ ചെലുത്തി വിഷത്തില്‍ ഇടപെടാന്‍ ശ്രമിച്ച് വരികയാണെന്നും വിദേശകാര്യ വക്താവ് അറിയിച്ചു.
സുഹൃത്തും യെമനിലെ മുസ്ലിങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനവുമുള്ള പ്രശസ്ത സൂഫി പണ്ഡിതന്‍ ഷെയ്ഖ് ഹബിബ് ഉമര്‍ ബിന്‍ ഹഫീള് വഴി കാന്തപുരം നടത്തിയ ഇടപെടലാണ് നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവച്ചത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. വധ ശിക്ഷ മാറ്റി വച്ചുകൊണ്ടുള്ള യെമന്‍ അധികാരികളുടെ ഉത്തരവും കാന്തപുരവുമായി ബന്ധപ്പെട്ടവര്‍ പുറത്ത് വിട്ടിരുന്നു.