ഹനോയ്: വിയറ്റ്നാമിൽ ടൂറിസ്റ്റ് ബോട്ട് മറിഞ്ഞ് 34 പേർ മരിച്ചു. ഏഴ് പേരെ കാണാതായി. മോശം കാലാവസ്ഥയെ തുടർന്നാണ് ബോട്ട് മറിഞ്ഞത്. വിനോദ കേന്ദ്രമായ ഹാ ലോങ് ബേയിലേക്കുള്ള പര്യടനത്തിനെത്തിയ 48 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് വണ്ടർ സീ ബോട്ടിൽ ഉണ്ടായിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രക്ഷാപ്രവർത്തകർ 12 പേരെ രക്ഷപ്പെടുത്തി. 34 മൃതദേഹങ്ങൾ സംഭവ സ്ഥലത്തിന് സമീപം നിന്ന് കണ്ടെടുത്തതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. രക്ഷപ്പെട്ടവരിൽ 14 വയസുള്ള ഒരു ആൺകുട്ടിയും ഉൾപ്പെടുന്നു. മറിഞ്ഞ ബോട്ടിനുള്ളിൽ കുടുങ്ങിയ കുട്ടിയെ നാല് മണിക്കൂറിന് ശേഷമാണ് രക്ഷപ്പെടുത്തിയത്. യാത്രക്കാരിൽ ഭൂരിഭാഗവും വിനോദസഞ്ചാരികളാണ്. ഇതിൽ രാജ്യതലസ്ഥാനമായ ഹനോയിയിൽ നിന്നുള്ള 20 ഓളം കുട്ടികളും ഉൾപ്പെടുന്നു.
അതേസമയം, വരും ദിവസങ്ങളിൽ ഒരു ഉഷ്ണമേഖലാ കൊടുങ്കാറ്റും ഈ പ്രദേശത്തേക്ക് നീങ്ങുന്നുണ്ട്. അടുത്തയാഴ്ച ഹാ ലോങ് ബേയുടെ തീരം ഉൾപ്പെടെ വടക്കൻ വിയറ്റ്നാമിൽ 'വിഫ കൊടുങ്കാറ്റ്' ആഞ്ഞടിക്കുമെന്ന് ദേശീയ കാലാവസ്ഥാ പ്രവചന കേന്ദ്രം അറിയിച്ചു.