'അഹമ്മദാബാദ് ദുരന്തത്തില്‍ വിമാനത്തിലെ വൈദ്യുതി വിതരണത്തിന് തകരാര്‍ സംഭവിച്ചിരുന്നു': പരിശോധന റിപ്പോര്‍ട്ട്

'അഹമ്മദാബാദ് ദുരന്തത്തില്‍ വിമാനത്തിലെ വൈദ്യുതി വിതരണത്തിന് തകരാര്‍ സംഭവിച്ചിരുന്നു': പരിശോധന റിപ്പോര്‍ട്ട്

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ടേക്ക് ഓഫ് സമയത്ത് വിമാനത്തിലെ വൈദ്യുതി വിതരണത്തില്‍ തകരാര്‍ സംഭവിച്ചെന്ന് കണ്ടെത്തി. വിമാനത്തിന്റെ പിന്‍ഭാഗത്തെ പരിശോധനയിലാണ് കണ്ടെത്തല്‍.

പിന്‍ഭാഗത്തെ ചില യന്ത്ര ഭാഗങ്ങള്‍ കത്തിയത് വൈദ്യുതി തകരാര്‍ മൂലമുള്ള തീപിടുത്തത്തിലാണോയെന്നും സംശയിക്കുന്നു. മാത്രമല്ല, പിന്‍ഭാഗത്തെ ബ്ലാക്ക് ബോക്‌സ് പൂര്‍ണമായും കത്തിയമര്‍ന്നിരുന്നു.

ഹോസ്റ്റല്‍ കെട്ടിടത്തില്‍ ഇടിച്ച് നിന്ന പിന്‍ഭാഗത്തെ ചില യന്ത്ര ഭാഗങ്ങളിലാണ് തീപിടുത്തം കണ്ടെത്താനായത്. അതേസമയം പിന്നില്‍ നിന്ന് കണ്ടെടുത്ത എയര്‍ഹോസ്റ്റസിന്റെ മൃതദേഹം കത്തിക്കരിഞ്ഞിരുന്നില്ല.

മൃതദേഹം വേഗത്തില്‍ തിരിച്ചറിയാനും കഴിഞ്ഞു. വിമാനത്തിന്റെ ട്രാന്‍സ് ഡ്യൂസറില്‍ അറ്റകുറ്റപണികള്‍ നടത്തിയതിന് തെളിവുകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ട്രാന്‍സ് ഡ്യൂസറിലെ തകരാര്‍ വിമാനത്തിലെ മുഴുവന്‍ വൈദ്യത സംവിധാനത്തെയും ബാധിക്കുന്നതാണ്. ലണ്ടനിലേക്ക് വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് ഈ പ്രശ്‌നം പരിഹരിച്ചത്. എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എഞ്ചിനിയര്‍ ഉച്ചയ്ക്ക് പന്ത്രണ്ടേകാലിന് അറ്റകുറ്റ പണി നടത്തിയതായി ടെക്‌നിക്കല്‍ ലോഗ് ബുക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട്.

ജൂണ്‍ 12 നാണ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിങ് 787 ഡ്രീംലൈനര്‍ വിമാനം ടേക്ക് ഓഫിനിടെ തകര്‍ന്നത്.

പറന്നുയര്‍ന്ന് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ എന്‍ജിനുകളിലേക്ക് ഇന്ധനം എത്തുന്നത് നിലച്ചതോടെ വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിച്ച് കത്തിയമരുകയായിരുന്നു. ക്യാബിന്‍ ക്രൂ അംഗങ്ങളടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ മാത്രമാണ് അത്ഭുതകരമായി രക്ഷപെട്ടത്.

വിമാനത്താവളത്തിന് സമീപമുള്ള ബി.ജെ മെഡിക്കല്‍ കോളജിന്റെ ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം തകര്‍ന്നു വീണത്. പ്രദേശവാസികളും വിമാനം വീണ് തകര്‍ന്ന മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലുണ്ടായിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥികളുമടക്കം 274 പേര്‍ അപകടത്തില്‍ മരിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.