മോസ്‌കോ: റഷ്യയിയില്‍ വന്‍ ഭൂകമ്പം. കാംചത്ക ഉപദ്വീപിനടുത്തുള്ള കടലിലാണ് ഭൂചലനമുണ്ടായത്. ഇതേ തുടര്‍ന്ന് പസഫികിൽ സുനാമിയ്‌ക്ക് സാധ്യതയുണ്ടെന്ന് റഷ്യൻ കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകി. റിക്‌ടർ സ്‌കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്‌ജിഎസ്) റിപ്പോർട്ട് ചെയ്‌തു. ഏകദേശം ആറ് മൈലിന് തുല്യമായ 9.6 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂകമ്പം.
ഭൂകമ്പത്തെ തുടർന്ന് റഷ്യയിലെ കൊമാൻഡോർസ്‌കിയ ഓസ്ട്രോവ മേഖലയിൽ സുനാമി മുന്നറിയിപ്പ് നൽകി. ഉസ്റ്റ്-കാമചാറ്റ്‌സ്‌ക്, മെഡ്‌നി ദ്വീപ് എന്നീ ഗ്രാമങ്ങളെ അപകട സാധ്യതയുള്ള രണ്ട് പ്രദേശങ്ങളിൽ ഉൾപ്പെടുത്തി. ഉസ്റ്റ്-കാമചാറ്റ്‌സ്‌കിൽ വൈകുന്നേരം 5.25 നും മെഡ്‌നി ദ്വീപിൽ വൈകുന്നേരം 5.36 നും ഭൂകമ്പം ഉണ്ടാകുമെന്നാണ് കരുതുന്നത്.
0.3 മീറ്റർ മുതൽ ഒരു മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഭീഷണി നേരിടുന്ന തീര പ്രദേശങ്ങളിലെ ജനങ്ങൾ ജാഗ്രത പാലിക്കാനും ദേശീയ- തദേശ സ്വയംഭരണ സ്ഥാപനങ്ങളോട് നിർദേശങ്ങൾ അനുസരിക്കണമെന്നും അധികാരികൾ നിർദേശിച്ചു.
ആദ്യ ഭൂകമ്പം റിപ്പോർട്ട് ചെയ്‌തതിന് ശേഷം ഏകദേശം 30 മിനിറ്റ് ഇടവേളകളിൽ നാല് ചെറിയ ഭൂകമ്പങ്ങൾ റിപ്പോർട്ട് ചെയ്‌തതായി യുഎസ്‌ജിഎസ് വെളിപ്പെടുത്തി. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് ശേഷമുള്ള ആദ്യ രണ്ട് ഭൂകമ്പങ്ങൾ 5.6 തീവ്രതയും മൂന്നാമത്തെയും നാലാമത്തേതുമായ ഭൂകമ്പങ്ങൾ 5.0 തീവ്രതയുമാണ് രേഖപ്പെടുത്തിയത്.