ന്യൂഡല്‍ഹി: ഇന്ത്യന്‍ സേനയുടെ കരുത്തുകൂട്ടാന്‍ എഎച്ച് 64 ഇ അപ്പാച്ചെ ഹെലികോപ്ടറുകള്‍ രണ്ട് ദിവസത്തിനകം എത്തും. മൂന്ന് എഎച്ച് 64 ഇ ഹെലികോപ്ടറുകള്‍ അടുത്ത രണ്ട് ദിവസത്തിനകം സേനയുടെ ഭാഗമാകും. ഞായറാഴ്ചയോ തിങ്കളാഴ്ചയോ രാജസ്ഥാനിലെ ജോധ്പുരിലെത്തിക്കുന്ന ഹെലികോപ്ടറുകള്‍ ജൂലൈ 22 ന് സേനയിലേക്ക് ഔദ്യോഗികമായി ചേര്‍ക്കപ്പെടുമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കന്‍ ഭീമന്‍ ബോയിങാണ് ഈ ഹെലികോപ്ടറുകളുടെ നിര്‍മാതാക്കള്‍. ഈ വിഭാഗത്തില്‍പ്പെട്ട ആറ് ഹെലികോപ്ടറുകളാണ് ഇന്ത്യ, ബോയിങില്‍ നിന്ന് വാങ്ങാന്‍ കരാറായിരിക്കുന്നത്. ഇതില്‍ ആദ്യത്തെ മൂന്നെണ്ണമാണ് അടുത്ത ദിവസം ഇന്ത്യയിലെത്തുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ആധുനികമായ അറ്റാക്ക് ഹെലികോപ്ടറാണ് എഎച്ച് 64-ഇ അപ്പാച്ചെ.
സംഘര്‍ഷ മേഖലയില്‍ അതിശക്തമായ ആക്രമണം നടത്താന്‍ ഇവ പ്രാപ്തമാണ്. നിലവില്‍ യുഎസ്, യുകെ, ഇസ്രയേല്‍, ഈജിപ്ത് എന്നി രാജ്യങ്ങളുടെ ആയുധപ്പുരകളിലാണ് എഎച്ച് 64 ഇ അപ്പാച്ചെ ഹെലികോപ്ടറുകളുള്ളത്. ആദ്യ ബാച്ച് ജോധ്പുരിലെത്തുന്നതോടെ ഈ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഭാഗമാകും.