നിയമസഭയ്ക്കുള്ളില്‍ മന്ത്രിയുടെ 'റമ്മി കളി'; വീഡിയോ വൈറലായതോടെ വ്യാപക പ്രതിഷേധം

നിയമസഭയ്ക്കുള്ളില്‍ മന്ത്രിയുടെ 'റമ്മി കളി'; വീഡിയോ വൈറലായതോടെ വ്യാപക പ്രതിഷേധം

മുംബൈ: മഹാരാഷ്ട്ര കൃഷിമന്ത്രി മണിക്റാവു കൊക്കാട്ടെ മഹാരാഷ്ട്ര നിയമസഭയ്ക്കുള്ളില്‍ മൊബൈലില്‍ റമ്മി ഗെയിം കളിക്കുന്ന വീഡിയോ പുറത്തായി. എന്‍സിപി (എസ്പി) നേതാവ് രോഹിത് പവാറാണ് പുറത്തുവിട്ടത്. സാമൂഹിക മാധ്യമമായ എക്സിലാണ് വീഡിയോ പങ്കുവച്ചത്. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിക്ക് ബിജെപിയുമായി ആലോചിക്കാതെ ഒന്നും ചെയ്യാനാകില്ലെന്ന് കുറ്റപ്പെടുത്തിയ രോഹിത്, മന്ത്രിക്ക് മറ്റ് ജോലികളൊന്നുമില്ലാത്തതതിനാലാണ് റമ്മി കളിക്കുന്നതെന്നും വിമര്‍ശിച്ചു.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ കടുത്ത വിമര്‍ശനമാണ് മണിക്റാവുവിന് എതിരെ വിവിധ കോണുകളില്‍നിന്ന് ഉയരുന്നത്. മന്ത്രി മുന്‍പും വിവാദങ്ങളില്‍ പെട്ടിട്ടുള്ളയാളാണെന്നും ഇത്തരത്തില്‍ പെരുമാറുന്നത് ജനാധിപത്യത്തിനു തന്നെ നാണക്കേടാണെന്നും ശിവസേന (യുബിടി) നേതാവ് കിഷോരി പേട്നേക്കര്‍ വ്യക്തമാക്കി. ഇത്തരം പ്രവൃത്തികളിലേര്‍പ്പെടാന്‍ ചില മന്ത്രിമാര്‍ക്ക് യാതൊരു നാണവുമില്ലെന്നും സംസ്ഥാന നിയമസഭയോട് യാതൊരു ബഹുമാനവുമില്ലാത്ത തരത്തിലാണ് ഇവരുടെ പെരുമാറ്റമെന്നും എന്‍സിപി (എസ്പി) എംഎല്‍എ ജിതേന്ദ്ര അവ്ഹാദ് പ്രതികരിച്ചു. ഉപമുഖ്യമന്ത്രിയായ അജിത് പവാര്‍ ഇത്തരക്കാര്‍ക്കെതിരെ എന്തുനടപടിയാണ് സ്വീകരിക്കുകയെന്നറിയാന്‍ തനിക്ക് കൗതുകമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്ത്രിക്ക് എതിരെ നടപടിയെടുക്കാന്‍ നിലവില്‍ നിയമങ്ങളില്ലെന്നായിരുന്നു ബിജെപി നേതാവ് സുധീര്‍ മുന്‍ഗണ്ഡിവാറുടെ പ്രതികരണം. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മണിക്റാവുവിന് മുന്നറിയിപ്പ് നല്‍കുമെന്നും അദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനോട് ഇത്തരം വിഷയങ്ങളില്‍ ഒരു നിയമനിര്‍മാണം ആവശ്യമാണെന്ന് അറിയിച്ചുവെങ്കിലും അതിനുള്ള അവകാശം കേന്ദ്രത്തിനാണെന്നായിരുന്നു അദേഹത്തിന്റെ പ്രതികരണമെന്നും സുധീര്‍ പറഞ്ഞു.



അതേസമയം ആരോ തന്റെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തതാണ് റമ്മി ഗെയിമെന്നും ഗെയിം ഫോണില്‍ നിന്നൊഴിവാക്കാനായി എടുത്തപ്പോള്‍ ആരോ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളാണിപ്പോള്‍ പുറത്ത് വന്നിരിക്കുന്നതെന്നുമാണ് മണിക്റാവിന്റെ പ്രതികരണം. ഏതാനും സെക്കന്‍ഡുകള്‍ ദൈര്‍ഘ്യമുളള വീഡിയോ ആണ് വൈറലായത്. ഇതിന്റെ മുഴുവന്‍ വീഡിയോ പുറത്തുവന്നാല്‍ എല്ലാവര്‍ക്കും സത്യം ബോധ്യമാകുമെന്നും മണിക്റാവു അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.