അതാണോ ജഗ്ദീപ് ധന്‍കറിന്റെ അപ്രതീക്ഷിത രാജിക്ക് പിന്നില്‍?.. ആരാകും പുതിയ ഉപരാഷ്ട്രപതി?

അതാണോ ജഗ്ദീപ് ധന്‍കറിന്റെ അപ്രതീക്ഷിത രാജിക്ക് പിന്നില്‍?.. ആരാകും പുതിയ ഉപരാഷ്ട്രപതി?

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിന്റെ അപ്രതീക്ഷിത രാജി ദേശീയ രാഷ്ട്രീയത്തില്‍ വലിയ രീതിയിലുള്ള അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്.

അനാരോഗ്യം ചൂണ്ടാക്കിട്ടിയുള്ള രാജി പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മുമ്പ് മുതിര്‍ന്ന നേതാക്കളുമായി സംസാരിച്ചെങ്കിലും ആരോഗ്യപരമായ ആശങ്കകളെക്കുറിച്ചോ സ്ഥാനമൊഴിയാനുള്ള തീരുമാനത്തെക്കുറിച്ചോ ഒരു സൂചന പോലും അദേഹം നല്‍കിയിരുന്നില്ല.

രാജി വാര്‍ത്തകള്‍ പുറത്തു വരുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് ധന്‍കറുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വെളിപ്പെടുത്തി. രാജ്യസഭയില്‍ നിരന്തരം തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നവരാണ് ഇരുവരും.

പ്രമോദ് തിവാരി, അഖിലേഷ് പ്രസാദ് സിങ് എന്നിവര്‍ക്കൊപ്പം ഇന്നലെ വൈകുന്നേരമാണ് ജയറാം രമേശ് ധന്‍കറുമായി കൂടിക്കാഴ്ച നടത്തിയത്. ഇന്ന് രാവിലെ പത്തിന് നടക്കാനിരുന്ന ബിസിനസ് ഉപദേശക സമിതി യോഗത്തെക്കുറിച്ചാണ് ധന്‍കര്‍ സംസാരിച്ചത്. എല്ലാം സാധാരണ രീതിയിലായിരുന്നു.

ധന്‍കര്‍ ആരോഗ്യവാനാണെന്നും രാജി വയ്ക്കുന്നതിന്റെ യാതൊരു സൂചനയും ചര്‍ച്ചയുടെ സമയത്ത് പ്രകടിപ്പിച്ചിരുന്നില്ലെന്നുമാണ് അഖിലേഷ് പ്രസാദ് സിങ് പറഞ്ഞത്. പുതിയ കമ്മിറ്റിയില്‍ ധന്‍കറിനെ ഉള്‍പ്പെടുത്തിയതിനെക്കുറിച്ചുള്ള ചര്‍ച്ച പോലും നടത്തിയിരുന്നതായും അദേഹം പറഞ്ഞു.

രാജ്യസഭാധ്യക്ഷന്‍ കൂടിയായ ജഗദീപ് ധന്‍കറിന്റെ രാജിയുണ്ടാക്കിയ അമ്പരപ്പ് പങ്കുവെച്ച് സമാജ്വാദി പാര്‍ട്ടി എംപി അഖിലേഷ് യാദവും രംഗത്ത് വന്നു. രാജി പ്രഖ്യാപിച്ച ഇന്നലെ വൈകുന്നേരം ആറിന് ജഗദീപ് ധന്‍കറെ കണ്ടത് ചൂണ്ടിക്കാട്ടിയാണ് അഖിലേഷ് അമ്പരപ്പ് പങ്കുവെച്ചത്. അദ്ദേഹം ആരോഗ്യവാനായിരുന്നുവെന്നും രാജിയേപ്പറ്റി സൂചനയൊന്നും നല്‍കിയില്ലെന്നും അഖിലേഷ് പറയുന്നു.

എല്ലാം സാധാരണയായി തോന്നിയെങ്കിലും അണിയറയില്‍ കാര്യമായ സംഭവ വികാസങ്ങള്‍ നടന്നിരുന്നു എന്നാണ് അറിയുന്നത്. ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഇംപീച്ച് ചെയ്യണമെന്ന് നിര്‍ദേശിച്ച് 63 പ്രതിപക്ഷ എംപിമാരില്‍ നിന്ന് ലഭിച്ച നോട്ടീസിനെക്കുറിച്ച് നേരത്തേ സഭയെ അഭിസംബോധന ചെയ്തപ്പോള്‍ ധന്‍കര്‍ സൂചിപ്പിച്ചിരുന്നു.

വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള നൂറിലധികം എംപിമാരുടെ പിന്തുണയോടെ അവതരിപ്പിച്ച പ്രമേയമായിരുന്നു ഇന്നലത്തെ സുപ്രധാന വിഷയം. തുടര്‍ നടപടികള്‍ക്കായി ഒരു സംയുക്ത സമിതി രൂപീകരിക്കുന്നതിനെക്കുറിച്ചും അദേഹം ചര്‍ച്ച ചെയ്തു. എന്നാല്‍, തന്റെ ആരോഗ്യത്തെക്കുറിച്ചോ സ്ഥാനമൊഴിയാനുള്ള ഉദ്ദേശത്തെക്കുറിച്ചോ അപ്പോഴും അദേഹം ഒന്നും പറഞ്ഞില്ല.

അതിനാല്‍ തന്നെ പിന്നീട് എന്ത് സംഭവിച്ചു എന്ന ചോദ്യമാണ് ഉയരുന്നത്. ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയ നോട്ടീസ് രാജ്യസഭയില്‍ സ്വീകരിച്ചതിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാരുമായുണ്ടായ തര്‍ക്കമാണ് രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന.

യശ്വന്ത് വര്‍മയുടെ വിഷയത്തില്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ മുമ്പ് ജഗദീപ് ധന്‍കറിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു. അതിനാല്‍ അദേഹത്തിന്റെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ പ്രമേയം കൊണ്ടു വരുന്നത് തങ്ങളുടെ അജണ്ടയ്ക്ക് മേധാവിത്വമുണ്ടാക്കുമെന്ന് പ്രതിപക്ഷത്തിന് വിശ്വാസമുണ്ടായിരുന്നു. ആ നീക്കമാണ് ഇപ്പോള്‍ ഇല്ലാതായത്.

മാത്രമല്ല ഗുസ്തിക്കാരുടെയും കര്‍ഷകരുടെയും സമരങ്ങളില്‍ സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനത്തിലും ധന്‍കര്‍ ഭരണ നേതൃത്വത്തിന്റെ അപ്രീതി നേടിയിരുന്നു. ധന്‍കറിന്റെ രാജി സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാനാണോ എന്ന സംശയവും ഉയരുന്നുണ്ട്.

ഇതേസമയം പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെ ഓഫീസിലും ചില നാടകീയ രംഗങ്ങള്‍ അരങ്ങേറി. ബിജെപി എംപിമാര്‍ തിരക്കിട്ട് പ്രതിരോധ മന്ത്രിയുടെ ഓഫീസിന് അകത്തേക്കും പുറത്തേക്കും പോകുന്നുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

പരസ്പരം സംസാരിക്കുക പോലും ചെയ്യാതെയുള്ള ഈ തിരക്കിട്ട നീക്കങ്ങള്‍ക്കിടയില്‍ ചില രേഖകളില്‍ ഒപ്പു വെയ്ക്കപ്പെട്ടിട്ടുണ്ട് എന്നും എന്നാല്‍ ശൂന്യമായ പേപ്പറുകളിലാണ് ഒപ്പു വയ്ക്കപ്പെട്ടതെന്നും അഭ്യൂഹങ്ങളുണ്ട്.

അതിനിടെ അടുത്ത ഉപരാഷ്ട്രപതി ആരാകുമെന്ന ചോദ്യവും ഉയരുന്നുണ്ട്. സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. ഉപരാഷ്ട്രപതി പദവിയില്‍ ഒഴിവ് വന്നാല്‍ ആര് ആ ചുമതലകള്‍ നിര്‍വഹിക്കണമെന്ന് ഭരണഘടനയില്‍ വ്യക്തമാക്കുന്നില്ല.

എന്നാല്‍, രാജ്യസഭാ ചെയര്‍പേഴ്‌സണെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഇതനുസരിച്ച് ഡെപ്യൂട്ടി ചെയര്‍പേഴ്‌സണോ അല്ലെങ്കില്‍ രാഷ്ട്രപതി ചുമതലപ്പെടുത്തുന്ന മറ്റേതെങ്കിലും രാജ്യസഭാംഗമോ ആയിരിക്കും ആ ചുമതല നിര്‍വഹിക്കുക.

ഭരണഘടനയുടെ 66-ാം അനുച്ഛേദമനുസരിച്ച് പാര്‍ലമെന്റിന്റെ ഇരു സഭകളിലെയും അംഗങ്ങള്‍ അടങ്ങുന്ന ഇലക്ടറല്‍ കോളജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്.

സാധ്യതാ സ്ഥാനാര്‍ത്ഥികളെക്കുറിച്ച് എന്‍ഡിഎ വരും ദിവസങ്ങളില്‍ ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനതാദള്‍ യുണൈറ്റഡ് എംപിയും രാജ്യസഭാ ഉപാധ്യക്ഷനുമായ ഹരിവംശും പരിഗണിക്കപ്പെടുന്നുണ്ട്. കോണ്‍ഗ്രസ് നേതൃത്വവുമായി അകന്നു നില്‍ക്കുന്ന ശശി തരൂര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ പേരുകളും പരിഗണിക്കപ്പെട്ടേക്കാം എന്നും അഭ്യൂഹമുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.