ബേൺ: യേശുവിന്റെയും മാതാവിൻ്റെയും ചിത്രത്തിന് നെരെ വെടിയുതിർത്ത സൂറിച്ച് കൗൺസിലറും മുൻ ഗ്രീൻ ലിബറൽ പാർട്ടി നേതാവുമായ സനിജ അമേത്തിക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തി കോടതി. സനിജ മത വിശ്വാസങ്ങളെ പരസ്യമായി അവഹേളിക്കുകയും മത സമാധാനം തകർക്കുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നാണ് ആർട്ടിക്കിൾ 261 പ്രകാരം ക്രിമിനൽ കുറ്റം ചുമത്തിയത്.
10,000 സ്വിസ് ഫ്രാങ്ക് (ഏകദേശം $11,500) പിഴയും നിയമപരമായ ചിലവുകളും സനിജ അടക്കണമെന്നാണ് കുറ്റപത്രത്തിൽ ആവശ്യപ്പെടുന്നത്. 2024 നാണ് കേസിന് ആസ്പദമായ സംഭവം. യേശുവിനെ കൈകളിലെടുത്തിരിക്കുന്ന മാതാവിന്റെ ചിത്രത്തിന് നേരെ സജിത അമേത്തി വെടിയുതിർക്കുകയായിരുന്നു. ഇത് വൻ തോതിൽ പ്രതിഷേധത്തിന് കാരണമായി. ക്രിസ്ത്യാനികളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്ന ഇത്തരമൊരു പ്രവൃത്തി ചെയ്തത് എന്തിനാണെന്ന ചോദ്യം വൻ തോതിൽ ഉയർന്നതിനെ തുടർന്ന് സനിജ അമേത്തി പിന്നാലെ രാജിവെച്ചിരുന്നു.
മധ്യകാല ഇറ്റാലിയൻ ചിത്രകാരൻ റ്റൊമാസോ ഡെൽ മസയുടെ പുനർനിർമിച്ച പെയിൻ്റിംഗുകളിൽ ഒന്നാണ് അമേത്തി ഷൂട്ടിങ് പരിശീലിക്കാനായി ഉപയോഗിച്ചത്. സൂറിച്ചിലെ കാൻ്റണിലെ കൗൺസിലായിരുന്ന അമേത്തി ഒരു അഭിഭാഷക കൂടിയാണ്. 1990കളിലെ ബോസ്‌നിയ ഹെർസോഗ്വിന യുദ്ധത്തെ തുടർന്ന് സ്വിറ്റ്സർലാൻഡിലേക്ക് കുടിയേറിയതാണ് അമേത്തിയുടെ കുടംബം.