ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ബിജെപിയില്‍ നിന്നായിരിക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യസഭാ അധ്യക്ഷപദവികൂടി വഹിക്കുന്ന ഉപരാഷ്ട്രപതി സ്ഥാനത്ത് മുതിര്‍ന്ന പാര്‍ട്ടി നേതാവ് എത്തുന്നതാണ് അഭികാമ്യമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശപര്യടനം കഴിഞ്ഞ് തിരിച്ചെത്തിയാല്‍ തീരുമാനമുണ്ടാകും.
പിന്നോക്ക ദളിത് വിഭാഗത്തിലെ മുതിര്‍ന്ന പാര്‍ട്ടി നേതാവിനാണ് കൂടുതല്‍ സാധ്യത. മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയും ഇപ്പോള്‍ കര്‍ണാടക ഗവര്‍ണറുമായ തവര്‍ചന്ദ് ഗെഹ്ലോത്തിന്റെ പേരാണ് ഉയരുന്നത്. മധ്യപ്രദേശിലെ മുതിര്‍ന്ന നേതാവായ അദേഹം ദളിത് വിഭാഗക്കാരനാണ്. കേന്ദ്രമന്ത്രിയും രാജ്യസഭാ നേതാവുമായിരുന്നു.
ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതി പദം രാജിവച്ച തിങ്കളാഴ്ച അദേഹത്തെ അനുനയിപ്പിച്ച് കൂടെനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചതായി സൂചന. അതിന് വഴങ്ങാതെ തന്റെ ഭാഗം ശരിയെന്ന വാശിയില്‍ ധന്‍കര്‍ തുടര്‍ന്നതോടെ രാജിയിലേക്കെത്തുകയായിരുന്നുവെന്നാണ് വിവരം. ജസ്റ്റിസ് യശ്വന്ത് വര്‍മയ്ക്കെതിരായ ഇംപീച്ച്‌മെന്റ് നടപടികള്‍ ലോക്‌സഭയില്‍ തങ്ങളുടെ മുന്‍കൈയില്‍ മുന്നോട്ടുകൊണ്ടുപോകാനാണ് കേന്ദ്രം ആഗ്രഹിച്ചത്. അതിനിടെ രാജ്യസഭയില്‍ പ്രതിപക്ഷ പ്രമേയം സ്വീകരിക്കാനുള്ള ധന്‍കറിന്റെ തീരുമാനം സര്‍ക്കാരിന് തിരിച്ചടിയാകുകയായിരുന്നു.