ന്യൂയോര്‍ക്ക്: നൈജീരിയയില്‍ മതസ്വാതന്ത്ര്യം ഏറ്റവും മോശമായ അവസ്ഥയിലാണെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (USCIRF). ഈ പ്രശ്‌നം പരിഹരിക്കുമെന്ന് സര്‍ക്കാര്‍ അടുത്തിടെ വാഗ്ദാനങ്ങള്‍ നല്‍കിയിട്ടും പ്രത്യേകിച്ച് മാറ്റമൊന്നും വന്നിട്ടില്ലെന്നും ഏജന്‍സി പുതുതായി പുറത്തിറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ജൂലൈ 21 നാണ് പുതിയ റിപ്പോര്‍ട്ട് പുറത്തിറങ്ങിയത്. അടുത്ത കാലത്തായി ക്രൈസ്തവ വിശ്വാസികള്‍ നേരിടുന്ന അക്രമങ്ങളെയും രാജ്യത്തുടനീളം മതനിന്ദാ നിയമങ്ങള്‍ നടപ്പിലാക്കുന്നതിനെയും ഇതില്‍ വിശദമായി വിവരിക്കുന്നു.
നൈജീരിയയിലെ 12 സംസ്ഥാന സര്‍ക്കാരുകളും ഫെഡറല്‍ സര്‍ക്കാരും 'മതനിന്ദാ' നിയമങ്ങള്‍ നടപ്പിലാക്കുന്നുണ്ടെന്നും മതത്തെ അപമാനിച്ചതായി ആരോപിച്ച് വ്യക്തികളെ പ്രോസിക്യൂട്ട് ചെയ്യുകയും ജയിലിലടയ്ക്കുകയും ചെയ്യുന്നവെന്നും ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗുണ്ടാ അക്രമം തടയാന്‍ നൈജീരിയന്‍ സര്‍ക്കാര്‍ കാര്യമായൊന്നും ചെയ്തിട്ടില്ല. അക്രമം നടത്തിയവര്‍ പള്ളികള്‍ ഉള്‍പ്പെടെ ആക്രമിക്കുകയും മത നേതാക്കളെ തട്ടിക്കൊണ്ടു പോകുകയോ, കൊല്ലുകയോ ചെയ്തിട്ടുണ്ട്.
ചില സന്ദര്‍ഭങ്ങളില്‍ മത സമൂഹങ്ങള്‍ക്കെതിരെ അക്രമമോ, അക്രമ ഭീഷണിയോ ഉപയോഗിക്കുകയും നികുതികള്‍ ആവശ്യപ്പെടുകയും ന്യായീകരണമായി ശരീഅത്ത് നിയമം പ്രയോഗിക്കുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2025 ല്‍ മാത്രം നൈജീരിയയില്‍ നിരവധി പുരോഹിതന്മാരെയും സന്യാസിമാരെയും സെമിനാരി വിദ്യാര്‍ഥികളെയും തട്ടിക്കൊണ്ടു പോകുകയും കൊല്ലുകയും ചെയ്തിട്ടുണ്ട്.