തായ്‌ലന്‍ഡ്-കംബോഡിയ അതിർത്തിയിൽ സംഘർഷം രൂക്ഷം: മരണം 16 ആയി; 1,30,000 തായ് പൗരന്മാരെ ഒഴിപ്പിച്ചു

തായ്‌ലന്‍ഡ്-കംബോഡിയ അതിർത്തിയിൽ സംഘർഷം രൂക്ഷം: മരണം 16 ആയി; 1,30,000 തായ് പൗരന്മാരെ ഒഴിപ്പിച്ചു

സുരിന്‍: കംബോഡിയയുമായുള്ള അതിർത്തി സംഘർഷം രണ്ടാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തില്‍ 1,30,000ല്‍ അധികം ആളുകളെ തായ്‌ലൻഡ് ഒഴിപ്പിച്ചതായി റിപ്പോർട്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി തർക്കം പരിഹരിക്കാന്‍ ന്യൂയോർക്കിൽ യുഎൻ സുരക്ഷാ കൗൺസിൽ അടിയന്തര യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. അതേസമയം തർക്കം അവസാനിപ്പിക്കാനായി മലേഷ്യയുടെ അധ്യക്ഷതയില്‍ മധ്യസ്ഥത വഹിക്കാൻ പ്രദേശിക രാജ്യങ്ങളുടെ കൂട്ടായ്മ സന്നദ്ധതയും അറിയിച്ചു.

അതിർത്തിയിലെ നാല് പ്രവിശ്യകളിലെ ഗ്രാമങ്ങളിൽ നിന്ന് 1,30,000ത്തിലധികം പേരെ താൽക്കാലിക അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റി പാർപ്പിച്ചതായാണ് തായ് ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചത്. അതിർത്തിക്കടുത്തുള്ള പ്രദേശങ്ങളിൽ നിന്ന് 4,000ത്തിലധികം ആളുകൾ പലായനം ചെയ്തതായി കംബോഡിയൻ അധികൃതരും വ്യക്തമാക്കി.

ഒരു സൈനികനും കുട്ടികളടക്കം 13 സാധാരണക്കാരും കൊല്ലപ്പെട്ടതായും 15 സൈനികർക്കും 30 സാധാരണക്കാർക്കും പരിക്കേറ്റതായും തായ്‌ലൻഡ് അറിയിച്ചു. വെള്ളിയാഴ്ച തങ്ങളുടെ ഭാഗത്തു നിന്നും ആദ്യ മരണം കംബോഡിയയും സ്ഥിരീകരിച്ചു.

തായ്‌ലന്‍ഡിലെ സുരിന്‍ പ്രവിശ്യയും കംബോഡിയയിലെ ഒദാര്‍ മീഞ്ചെ പ്രവിശ്യയും പങ്കിടുന്ന അതിര്‍ത്തിയിലെ തര്‍ക്ക പ്രദേശമായ പ്രസാത് താ മോന്‍ തോം ക്ഷേത്രം സ്ഥിതി ചെയ്യുന്ന മേഖലയിലാണ് ഇരു രാജ്യങ്ങളുടെയും സൈനികര്‍ ഏറ്റുമുട്ടുന്നത്.

തായ്‌ലന്‍ഡാണ് ആക്രമണം തുടങ്ങിയതെന്നാണ് കംബോഡിയയുടെ ആരോപണം. അതിര്‍ത്തി സമഗ്രതകള്‍ ലംഘിച്ചുള്ള തായ് സൈനികരുടെ പ്രകോപനമില്ലാത്ത കടന്നുകയറ്റത്തിനെതിരായ സ്വയം പ്രതിരോധമാണ് നടത്തിയതെന്നാണ് കംബോഡിയ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രതികരണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.