തായ്‌ലന്‍ഡ്-കംബോഡിയ അതിർത്തി സംഘർഷം: മരണ സംഖ്യ ഉയരുന്നു; ഇരു രാജ്യങ്ങളോടും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് യുഎന്‍

തായ്‌ലന്‍ഡ്-കംബോഡിയ അതിർത്തി സംഘർഷം: മരണ സംഖ്യ ഉയരുന്നു; ഇരു രാജ്യങ്ങളോടും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് യുഎന്‍

സുരിന്‍: തായ്‌ലന്‍ഡ് കംബോഡിയ അതിർത്തി തർക്കത്തിൽ മരണസംഖ്യ ഉയരുന്നു. സംഘര്‍ഷങ്ങളില്‍ ഇരുഭാഗങ്ങളിലുമായി ഇതുവരെ 32 പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 12 പേര്‍ കൊല്ലപ്പെട്ടെന്നാണ് കംബോഡിയ ഔദ്യോഗികമായി അറിയിക്കുന്നത്. ഏഴ് സാധാരണക്കാരും അഞ്ച് സൈനികരും കൊല്ലപ്പെട്ടതായാണ് കംബോഡിയന്‍ പ്രതിരോധ മന്ത്രാലയം വക്താവ് മാലി സോഷെറ്റ പറഞ്ഞത്. 50 ലേറെ കംബോഡിയന്‍ പൗരര്‍ക്കും 20ലേറെ പട്ടാളക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നും മാലി പറഞ്ഞു.

തായ്‌ലന്‍ഡില്‍ കുട്ടികളടക്കം 13 പേരും ആറ് സൈനികരുമാണ് രണ്ട് ദിവസത്തിനിടെ കൊല്ലപ്പെട്ടത്. ഇതുകൂടാതെ കംബോഡിയയുടെ ആക്രമണത്തില്‍ 29 തായ് സൈനികർക്കും 30 പൗരര്‍ക്കും പരിക്കേറ്റിട്ടുമുണ്ട്.

കംബോഡിയ തായ്‌ലന്‍ഡുമായി അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ അതിര്‍ത്തിയില്‍ നിന്ന് 20,000 ത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചെന്ന് കംബോഡിയന്‍ മാധ്യമമായ ദ ഖമെര്‍ ടൈംസ് റിപ്പോർട്ട് ചെയ്തു. 138,000 ആളുകളെ തായ്‌ലന്‍ഡിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് മാറ്റിയിട്ടുണ്ട്. 300 താൽക്കാലിക അഭയ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ടെന്നും തായ്‌ലന്‍ഡ് ഉദ്യോഗസ്ഥര്‍ പറയുന്നു.

അതേസമയം അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഇരുരാജ്യങ്ങളോടും യുഎന്‍ ആവശ്യപ്പെട്ടു. യു.എന്‍ സുരക്ഷാ കൗണ്‍സില്‍ ഇന്ന് അടിയന്തര യോഗം ചേരും. തായ്‌ലന്‍ഡിലെ സുരിന്‍ പ്രവിശ്യയും കംബോഡിയയിലെ ഒദാര്‍ മീഞ്ചെ പ്രവിശ്യയും പങ്കിടുന്ന അതിര്‍ത്തിയിലെ തര്‍ക്ക പ്രദേശമായ പ്രസാത് താ മോന്‍ തോം ക്ഷേത്രം സ്ഥിതി ചെയ്യുന്ന മേഖലയിലാണ് ഇരു രാജ്യങ്ങളുടെയും സൈനികര്‍ ഏറ്റുമുട്ടുന്നത്.

തായ്ലന്‍ഡാണ് ആക്രമണം തുടങ്ങിയതെന്നാണ് കംബോഡിയയുടെ ആരോപണം. അതിര്‍ത്തി സമഗ്രതകള്‍ ലംഘിച്ചുള്ള തായ് സൈനികരുടെ പ്രകോപനമില്ലാത്ത കടന്നുകയറ്റത്തിനെതിരായ സ്വയം പ്രതിരോധമാണ് നടത്തിയതെന്നാണ് കംബോഡിയ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രതികരണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.