കീവ്: ഉക്രെയ്നിലെ നിപ്രോയ്ക്കും സമീപ പ്രദേശങ്ങൾക്കും നേരെ ശക്തമായ വ്യോമാക്രമണം നടത്തി റഷ്യ. ശനിയാഴചയുണ്ടായ ആക്രമണത്തിൽ നിപ്രോയിൽ മൂന്ന് പേർ കൊല്ലപ്പെട്ടെന്ന് ഉക്രെയ്ൻ അറിയിച്ചു. ആറ് പേർക്ക് പരിക്കേറ്റു.
235 ഡ്രോണുകളും 27 മിസൈലുകളുമാണ് റഷ്യ യുക്രെയിന് നേരെ വിക്ഷേപിച്ചത്. ഇതിൽ 10 മിസൈലുകളും 25 ഡ്രോണുകളും ഒമ്പത് ഇടങ്ങളിലായി പതിച്ചെന്നും മറ്റുള്ളവ തകർത്തെന്നും ഉക്രെയ്ൻ സൈന്യം വ്യക്തമാക്കി. ജനവാസ കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടായി.
പലയിടത്തും ശക്തമായ തീപിടിത്തം റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന് ഉക്രെയ്ൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പറഞ്ഞു. അതിനിടെ കിഴക്കൻ ഉക്രെയിനിലെ രണ്ട് ഗ്രാമങ്ങൾ കൂടി പിടിച്ചെടുത്തെന്ന് റഷ്യ അവകാശപ്പെട്ടു