ടെഹ്റാന്‍: ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണങ്ങള്‍ക്ക് അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ സഹായം നല്‍കിയെന്ന് ആരോപിച്ച് ലക്ഷക്കണക്കിന് അഫ്ഗാന്‍ അഭയാര്‍ത്ഥികളെ ഇറാന്‍ നാടുകടത്തിയതായി റിപ്പോര്‍ട്ട്. ജൂണ്‍ ഒന്ന് മുതല്‍ പത്ത് ലക്ഷത്തിലധികം ആളുകള്‍ അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങിയെന്നും ഇതില്‍ കുറഞ്ഞത് 627,000 പേര്‍ നിര്‍ബന്ധിതമായി നാടുകടത്തപ്പെട്ടവരാണെന്നും ഐക്യരാഷ്ട്രസഭ വ്യക്തമാക്കുന്നു.
ചാരവൃത്തി ആരോപിച്ച് നിരവധി അഫ്ഗാനികളെ അറസ്റ്റ് ചെയ്തതായും അവരുടെ പക്കല്‍ നിന്ന് ബോംബ്, ഡ്രോണ്‍ എന്നിവ നിര്‍മിക്കാനുള്ള മാന്വലുകള്‍ കണ്ടെടുത്തതായും ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂണില്‍ 12 ദിവസം നീണ്ട ബോംബാക്രമണത്തിനിടെ ചില കുടിയേറ്റക്കാര്‍ ഇസ്രയേലിനെ സഹായിച്ചതായി സ്റ്റേറ്റ് ടെലിവിഷന്‍ ആരോപിച്ചിരുന്നു. ചാരവൃത്തി ആരോപിച്ച് അറസ്റ്റ് നടന്നതായി ഇറാന്റെ അര്‍ധ-ഔദ്യോഗിക വാര്‍ത്താ ഏജന്‍സി തസ്നിം ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ആരോപണങ്ങളെക്കുറിച്ച് ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ലെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. നാടുകടത്തല്‍ മാനുഷിക സംഘടനകളില്‍ വ്യാപകമായ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ദാരിദ്ര്യം, ഉപരോധങ്ങള്‍, പതിറ്റാണ്ടുകളുടെ യുദ്ധം എന്നിവയാല്‍ ഇതിനകം വലയുന്ന അഫ്ഗാന്‍ ജനതയുടെ ജീവിതത്തെ ഇത് സാരമായി ബാധിക്കും.