പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍: പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ച

പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍: പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ച

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍ വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ച തുടങ്ങും. ലോക്സഭയില്‍ ഇന്നും രാജ്യസഭയില്‍ നാളെയുമാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. ഇരുസഭയിലും 16 മണിക്കൂര്‍ വീതമാണ് ചര്‍ച്ചയ്ക്കായി നീക്കിവെച്ചിട്ടുള്ളത്. ഭരണപക്ഷത്ത് നിന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ എന്നിവര്‍ സംസാരിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോഡി ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിക്കുമെന്നാണ് സൂചന. പ്രതിപക്ഷനിരയില്‍ ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും രാജ്യസഭയില്‍ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സംസാരിക്കും. സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ഉള്‍പ്പെടെ പ്രതിപക്ഷനിരയിലെ മറ്റ് പ്രമുഖരും സര്‍ക്കാരിനെതിരേ രംഗത്തുവരും.

ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാന്‍ വിദേശത്ത് പോയ പ്രതിനിധിസംഘങ്ങളിലൊന്നിനെ നയിച്ച ശശി തരൂരിനെ, ലോക്‌സഭയില്‍ സംസാരിക്കാന്‍ കോണ്‍ഗ്രസ് നിര്‍ദേശിക്കുമോയെന്ന് രാജ്യം ഉറ്റുനോക്കുന്നു. വിദേശ രാജ്യങ്ങളിലേക്ക് പോയ ഇന്ത്യന്‍ പ്രതിനിധി സംഘത്തിലെ പാര്‍ട്ടി എംപിമാരെ ചര്‍ച്ചയില്‍ അണിനിരത്താന്‍ എന്‍ഡിഎ ശ്രദ്ധിച്ചേക്കും. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഭരണ പ്രതിപക്ഷങ്ങള്‍ തമ്മിലുള്ള കൊമ്പുകോര്‍ക്കലിന് ചര്‍ച്ച വേദിയായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.