ലാ പ്ലാറ്റ: ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആദരവുമായി ജന്മനാടായ അർജന്റീന. പ്രധാന നഗരമായ ലാ പ്ലാറ്റയിലെ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ കത്തീഡ്രലിനോടടുത്ത് ഫ്രാൻസിസ് മാർപാപ്പയുടെ ചുവർ ചിത്രം പ്രദർശിപ്പിച്ചു. പ്രശസ്ത കലാകാരൻ മാർട്ടിൻ റോണാണ് ചിത്രം വരച്ചത്.
മുനിസിപ്പൽ അധികാരികളുടെയും ലാ പ്ലാറ്റയിലെ ആർച്ച് ബിഷപ്പിന്റെയും സാന്നിധ്യത്തിൽ മോൺസിഞ്ഞോർ ഗുസ്താവോ കരാര 50 മീറ്റർ ഉയരമുള്ള ചുവർ ചിത്രം ഉദ്ഘാടനം ചെയ്യുകയും ആശീർവദിക്കുകയും ചെയ്തു. സമാധാനത്തിന്റെയും ഭൂമിക്കും സ്വർഗത്തിനും ഇടയിലുള്ള ഐക്യത്തിന്റെയും സന്ദേശം നൽകുന്നതാണ് ചുവർ ചിത്രമെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു.
ഫുട്ബോളിനെ സ്നേഹിക്കുന്ന ഫ്രാൻസിസ് പാപ്പയുടെ ജന്മനാടായ അർജന്റീനയിൽ കലാകാരന്റെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട രണ്ടു ചുവർ ചിത്രങ്ങൾ ഡീഗോ മറഡോണയുടെയും ലയണൽ മെസിയുടേതുമാണ്. 2025 ഏപ്രിൽ 21നാണ് ഫ്രാൻസിസ് മാർപാപ്പ വിടവാങ്ങിയത്.