തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ അധികാരത്തര്‍ക്കം തുടരുന്നു. സസ്പെന്‍ഡ് ചെയ്യപ്പെട്ട റജിസ്ട്രാര്‍ ഡോ. കെ.എസ് അനില്‍കുമാര്‍ ഇ-ഫയലുകള്‍ നോക്കി വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന്റെ അംഗീകാരത്തിനായി അയയ്ക്കുന്നുണ്ടെങ്കിലും അയയ്ക്കുന്ന എല്ലാ ഫയലുകളും നിരാകരിക്കപ്പെടുകയാണ്.
അതേസമയം റജിസ്ട്രാറുടെ ചുമതല വഹിക്കുന്ന പ്ലാനിങ് ഡയറക്ടര്‍ ഡോ. മിനി കാപ്പന്‍ മുഖേന വരുന്ന ഫയലുകള്‍ വിസി തീര്‍പ്പാക്കുന്നുമുണ്ട്. ഏറ്റവും ഒടുവില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് 10 ലക്ഷം രൂപ അടിയന്തരമായി അനുവദിക്കണമെന്ന യൂണിയന്റെ അപേക്ഷയിന്മേലുള്ള അനില്‍കുമാറിന്റെ ശുപാര്‍ശ വിസി തള്ളുകയും ചെയ്തു. വിദ്യാര്‍ഥി യൂണിയന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ആവശ്യമുള്ളതുകൊണ്ട് ബന്ധപ്പെട്ട ഫയല്‍ ഡോ. മിനി കാപ്പന്റെ ശുപാര്‍ശയോടെ അടിയന്തരമായി അയയ്ക്കാന്‍ വിസി ഉത്തരവിട്ടു.
യൂണിയന്‍ ഫണ്ട് അനുവദിക്കുന്നത് ബോധപൂര്‍വം വൈകിക്കുക എന്ന ഉദ്ദേശ്യമാണ് നിയമാനുസരണം ഫയല്‍ അയയ്ക്കാന്‍ തയാറാകാത്തതിന് പിന്നിലെന്ന് ആക്ഷേപമുണ്ട്. സസ്‌പെന്‍ഷനിലാണെങ്കിലും ദിവസവും സര്‍വകലാശാലയില്‍ എത്തുന്ന അനില്‍കുമാര്‍ അംഗീകരിക്കുന്ന ഫയലുകളില്‍ മേല്‍ നടപടി സ്വീകരിക്കരുതെന്നും റജിസ്ട്രാറുടെ ചുമതല വഹിക്കുന്ന പ്ലാനിങ് ഡയറക്ടറുടെ അംഗീകാരം ഇല്ലാതെ മേല്‍ നടപടികളെടുക്കുന്നത് ഗൗരവപൂര്‍വം കണക്കാക്കുമെന്നും എല്ലാ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്കും വിസി മുന്നറിയിപ്പ് നല്‍കി.
സസ്‌പെന്‍ഡ് ചെയ്യപ്പെട്ട റജിസ്ട്രാര്‍ ഓഫിസില്‍ അനധികൃതമായി ഹാജരാകുന്നത് ഒഴിവാക്കിയാല്‍ മാത്രമേ സിന്‍ഡിക്കേറ്റ് യോഗം വിളിച്ച് ചേര്‍ക്കുകയുള്ളുവെന്ന നിലപാടിലാണ് വിസി. റജിസ്ട്രാറുടെ ഫയല്‍ ലിങ്ക് മാറ്റി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും ചില സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ ഇടപെടല്‍ മൂലം ലിങ്കിന്റെ പാസ്വേഡ് സൂക്ഷിക്കുന്ന നോഡല്‍ ഉദ്യോഗസ്ഥര്‍ ലിങ്ക് മാറ്റി നല്‍കാന്‍ ഇതുവരെ തയാറായിട്ടില്ല.