'മതപരിവര്‍ത്തനമോ മനുഷ്യക്കടത്തോ അല്ല, സാങ്കേതിക പിഴവുകള്‍ മൂലമുണ്ടായ തെറ്റിദ്ധാരണ'; ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളെ പിന്തുണച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍

'മതപരിവര്‍ത്തനമോ മനുഷ്യക്കടത്തോ അല്ല, സാങ്കേതിക പിഴവുകള്‍ മൂലമുണ്ടായ തെറ്റിദ്ധാരണ'; ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളെ പിന്തുണച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളെ പിന്തുണച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. സംഭവം മതപരിവര്‍ത്തനമോ മനുഷ്യക്കടത്തോ അല്ലെന്നും സാങ്കേതിക പിഴവുകള്‍ മൂലമുണ്ടായ തെറ്റിദ്ധാരണയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി സംസാരിച്ചതായും കേസില്‍ പൂര്‍ണ വ്യക്തത ലഭിച്ചതായും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ എക്സിലെ പോസ്റ്റില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് പറഞ്ഞു.

ഇതൊരു തെറ്റിദ്ധാരണയില്‍ നിന്നും ഉടലെടുത്തതാണെന്ന് നൂറ് ശതമാനം വിശ്വാസമുണ്ട്. കേസ് തുടക്കത്തില്‍ മനുഷ്യക്കടത്ത് ആയി കണക്കാക്കപ്പെട്ടിരുന്നെങ്കിലും, സ്വകാര്യ പ്ലേസ്മെന്റ് ഏജന്‍സികള്‍ രജിസ്‌ട്രേഷന്‍ നടത്തിയതിലെ വീഴ്ചയാണ് ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് കാരണമായതെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു. ഇത് തീര്‍ച്ചയായും മനുഷ്യ കടത്തോ മതപരിവര്‍ത്തനമോ ആയി ബന്ധപ്പെട്ട കേസല്ലെന്നും അദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് നിലവിലുള്ള മതപരിവര്‍ത്തന നിരോധന നിയമത്തെ ഉദ്ധരിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് അറസ്റ്റിനെ ന്യായീകരിച്ചതിന് തൊട്ടുപിന്നാലെയാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവന വന്നത്.

അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് നിയമപരവും മറ്റ് പിന്തുണയും നല്‍കുന്നതിനായി ബിജെപി കേരള ഘടകം മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി ഇതിനകം ഛത്തീസ്ഗഡില്‍ എത്തിയെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. കന്യാസ്ത്രീകളെ വിട്ടയച്ച് അവര്‍ക്ക് നീതി ലഭ്യമാക്കുന്നതുവരെ ബിജെപി അവര്‍ക്കൊപ്പം നില്‍ക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.