മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവം; പ്രതിഷേധ സദസുമായി കെ.സി.വൈ.എം മാനന്തവാടി രൂപത

മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവം; പ്രതിഷേധ സദസുമായി കെ.സി.വൈ.എം മാനന്തവാടി രൂപത

മാനന്തവാടി: ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത് എന്ന വ്യാജ ആരോപണം ചുമത്തി മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍ ദ്വാരക നാലാംമൈലില്‍ പ്രതിഷേധ സദസ് സംഘടിപ്പിച്ചു.

കെ.സി.വൈ.എം രൂപത പ്രസിഡന്റ് ബിബിന്‍ പിലാപ്പിള്ളില്‍ അധ്യക്ഷത വഹിച്ച യോഗം ദ്വാരക ഫൊറോന വികാരി ഫാ. ബാബു മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു. നിരപരാധികള്‍ക്കെതിരായ ഇത്തരം അതിക്രമങ്ങള്‍ ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് അദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. രൂപത സെക്രട്ടറി ഡ്യൂണ മരിയ കിഴക്കേമണ്ണൂര്‍ സ്വാഗതം ആശംസിച്ചു.

കെ.സി.വൈ.എം മാനന്തവാടി രൂപത മുന്‍ പ്രസിഡന്റ് സജിന്‍ ചാലില്‍ മുഖ്യപ്രഭാഷണം നടത്തി. കന്യാസ്ത്രീകളെ നിരുപാധികം വിട്ടയക്കണമെന്നും അവര്‍ക്കെതിരായ വ്യാജക്കേസ് പിന്‍വലിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉടന്‍ ഇടപെടണമെന്നും അദേഹം ആവശ്യപ്പെട്ടു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എ.കെ.സി.സി രൂപത വൈസ് പ്രസിഡന്റ് റെനിന്‍ കഴുതാടിയില്‍, സന്യസ്ത സമൂഹങ്ങളുടെ പ്രതിനിധിയായി സി. ജെസി പോള്‍ എസ്.എച്ച് എന്നിവര്‍ സംസാരിച്ചു.

കെ.സി.വൈ.എം രൂപത സെക്രട്ടറിയേറ്റ്, സിന്‍ഡിക്കേറ്റ് അംഗങ്ങളും പ്രതിഷേധത്തിന് അഭിവാദ്യം അര്‍പ്പിച്ചു. കെ.സി.വൈ.എം, ചെറുപുഷ്പ മിഷന്‍ലീഗ്, എ.കെ.സി.സി, മാതൃവേദി തുടങ്ങിയ സംഘടനകളുടെ ഭാരവാഹികളും പ്രവര്‍ത്തകരും പ്രതിഷേധത്തിന് നേതൃത്വം നല്‍കി.
വിവിധ ഇടവകകളില്‍ നിന്നുള്ള വൈദികര്‍, സന്യസ്തര്‍, അല്‍മായ പ്രതിനിധികള്‍, പ്രദേശവാസികള്‍ എന്നിവരടക്കം മുന്നൂറിലധികം പേര്‍ പങ്കെടുത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.