റഷ്യയില്‍ വന്‍ ഭൂചലനം: എട്ട് തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല; ജപ്പാനിലും യുഎസിലും സൂനാമി മുന്നറിയിപ്പ്

റഷ്യയില്‍ വന്‍ ഭൂചലനം: എട്ട് തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല; ജപ്പാനിലും യുഎസിലും സൂനാമി മുന്നറിയിപ്പ്

മോസ്‌കോ: റഷ്യയില്‍ എട്ട് തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം. ജപ്പാനിലും യുഎസിലും സൂനാമി മുന്നറിയിപ്പ് നല്‍കി. റഷ്യയുടെ കിഴക്കന്‍ തീരത്താണ് ഭൂകമ്പം ഉണ്ടായത്. ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജപ്പാനില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പം ഉണ്ടായത്.

അലാസ്‌കയിലും ഹവായിയിലും യുഎസ് അധികൃതര്‍ സൂനാമി മുന്നറിയിപ്പ് നല്‍കി. പസഫിക് സമുദ്രത്തില്‍ ഒരു മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകുമെന്നാണ് ജപ്പാന്‍ അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഈ മാസം നിരവധി ചെറു ഭൂചലനങ്ങള്‍ റഷ്യയിലുണ്ടായിരുന്നു. അവയിലൊന്നും തന്നെ വലിയ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.

മുന്നറിയിപ്പിനെത്തുടര്‍ന്ന് ഭൂചലനമുണ്ടായ പ്രദേശത്തിന് സമീപമുള്ളവരെ മാറ്റിപ്പാര്‍പ്പിച്ച് തുടങ്ങി. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്രയും പ്രകമ്പനം അനുഭവപ്പെട്ട ഒരു ഭൂചലനം ഉണ്ടാകുന്നതെന്ന് കാംചക്ക പ്രവിശ്യയുടെ ഗവര്‍ണര്‍ പറഞ്ഞു. അപകടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ആര്‍ക്കും പരിക്കുകള്‍ ഇല്ലെന്നും അദേഹം വ്യക്തമാക്കി.

യുഎസ് പ്രദേശത്ത് മൂന്ന് മുതല്‍ നാല് മീറ്റര്‍ ഉയരമുള്ള തിരമാലകള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. മാര്‍ഷല്‍ ദ്വീപുകള്‍, ഫിലിപ്പൈന്‍സ് അടക്കമുള്ള പ്രദേശങ്ങളില്‍ ഒരു മീറ്റര്‍ വരെ ഉയരമുള്ള തിരമാലയ്ക്കും, ദക്ഷിണ കൊറിയ, ഉത്തരകൊറിയ, തായ്വാന്‍ എന്നി രാജ്യങ്ങളില്‍ 0.3 മീറ്ററിന് താഴെ ഉയരമുള്ള തിരമാലകള്‍ക്കും സാധ്യത ഉണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഒരു മീറ്റര്‍ ഉയരമുള്ള തിരമാല മുന്നറിയിപ്പാണ് ജപ്പാന് നല്‍കിയിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.