'പോയത് ജോലിക്കായി, നേരത്തെ തന്നെ തങ്ങള്‍ ക്രിസ്തുമത വിശ്വാസികള്‍'; മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ഒപ്പം പോയ പെണ്‍കുട്ടികള്‍

'പോയത് ജോലിക്കായി, നേരത്തെ തന്നെ തങ്ങള്‍ ക്രിസ്തുമത വിശ്വാസികള്‍'; മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ഒപ്പം പോയ പെണ്‍കുട്ടികള്‍

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി കോണ്‍വന്റില്‍ ജോലിയ്ക്കായി കന്യാസ്ത്രീകള്‍ക്കൊപ്പം പോയ പെണ്‍കുട്ടികള്‍. വീട്ടുകാരെ അറിയിച്ചതിന് ശേഷമാണ് കന്യാസ്ത്രീകള്‍ക്ക് ഒപ്പം പോയതെന്നും നേരത്തെ തന്നെ തങ്ങള്‍ ക്രിസ്തുമത വിശ്വാസികള്‍ ആയിരുന്നുവെന്നുമാണ് പെണ്‍കുട്ടികള്‍ വ്യക്തമാക്കിയത്. കന്യാസ്ത്രീകള്‍ അറസ്റ്റിലായ ദിവസം പ്രാദേശിക മാധ്യമത്തോടാണ് ഇവര്‍ ഇക്കാര്യം പറഞ്ഞത്.

ഇതിന്റെ ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിട്ടുണ്ട്. മതപരിവര്‍ത്തനം നടത്താന്‍ പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോയി എന്നാരോപിച്ചാണ് ചേര്‍ത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (ഗ്രീന്‍ ഗാര്‍ഡന്‍സ്) സന്ന്യാസ സഭയിലെ അംഗങ്ങളായ സിസ്റ്റര്‍ പ്രീതി മേരി, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവരെ അറസ്റ്റ് ചെയ്തത്. നിലവില്‍ ഇവര്‍ ദുര്‍ഗ സെന്‍ട്രല്‍ ജയിലാണ്.

അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്കെതിരേ ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിസ്റ്റര്‍ പ്രീതിയാണ് കേസിലെ ഒന്നാം പ്രതി സിസ്റ്റര്‍ വന്ദന രണ്ടാം പ്രതിയും. പത്ത് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമത്തിലെ വകുപ്പും സെക്ഷന്‍ 4, ബിഎന്‍എസ് 143 എന്നി വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.