ന്യൂഡല്‍ഹി: രാജ്യത്തെ യുണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ് (യു.പി.ഐ) സേവനങ്ങളില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ മാറ്റങ്ങള്‍ വരുന്നു. ഇത് ബാങ്കുകളെയും വ്യാപാരികളെയും ഉപയോക്താക്കളെയും ഒരു പോലെ ബാധിക്കും.
നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ) ആണ് പുതിയ മാറ്റങ്ങള്‍ കൊണ്ടു വരുന്നത്. യുപിഐ ഇടപാടുകളുടെ വേഗതയും കാര്യക്ഷമതയും സുരക്ഷയും വര്‍ധിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.
പ്രധാന മാറ്റങ്ങള്‍ ഇവയാണ്:
ബാലന്‍സ് പരിശോധനയ്ക്ക് പരിധി: ഒരു യുപിഐ ആപ്പില്‍ ഒരു ദിവസം പരമാവധി 50 തവണ മാത്രമേ ബാങ്ക് ബാലന്‍സ് പരിശോധിക്കാന്‍ കഴിയൂ. ഒന്നിലധികം ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഓരോ ആപ്പിലും 50 തവണ വീതം ബാലന്‍സ് പരിശോധിക്കാം.
അക്കൗണ്ട് വിവരങ്ങള്‍ നോക്കുന്നതിന് പരിധി: ഉപയോക്താവിന് തന്റെ മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്തിട്ടുള്ള ബാങ്ക് അക്കൗണ്ടുകള്‍ ഒരു ദിവസം 25 തവണയില്‍ കൂടുതല്‍ പരിശോധിക്കാന്‍ കഴിയില്ല.
ഓട്ടോപേ ഇടപാടുകള്‍ക്ക് സമയ പരിധി: എസ്.ഐ.പികള്‍, സബ്‌സ്‌ക്രിപ്ഷനുകള്‍, ഇ.എം.ഐകള്‍ പോലുള്ള ഓട്ടോപേ സംവിധാനങ്ങള്‍ ഓഗസ്റ്റ് ഒന്നു മുതല്‍ തിരക്ക് കുറഞ്ഞ സമയങ്ങളില്‍ (രാവിലെ പത്തിന് മുന്‍പും ഉച്ചയ്ക്ക് ഒന്നിനും വൈകുന്നേരം അഞ്ചിനും ഇടയിലും രാത്രി 9:30 ന് ശേഷവും) മാത്രമേ പ്രോസസ് ചെയ്യുകയുള്ളൂ.
പരാജയപ്പെട്ട ഇടപാടുകളുടെ സ്റ്റാറ്റസ് പരിശോധന: ഒരു പരാജയപ്പെട്ട ഇടപാടിന്റെ സ്റ്റാറ്റസ് ഒരു ദിവസം മൂന്ന് തവണ മാത്രമേ പരിശോധിക്കാന്‍ കഴിയൂ. ഓരോ ശ്രമത്തിനും ഇടയില്‍ 90 സെക്കന്‍ഡ് ഇടവേള നിര്‍ബന്ധമാണ്.
ഓരോ ഇടപാടിന് ശേഷവും ബാലന്‍സ് പ്രദര്‍ശിപ്പിക്കണം: ഓഗസ്റ്റ് മുതല്‍ ഓരോ യുപിഐ ഇടപാടിനും ശേഷം അപ്‌ഡേറ്റ് ചെയ്ത അക്കൗണ്ട് ബാലന്‍സ് ഉടന്‍ തന്നെ സ്‌ക്രീനില്‍ കാണിക്കേണ്ടത് നിര്‍ബന്ധമാകും. ഇത് ബാലന്‍സ് പ്രത്യേകമായി പരിശോധിക്കുന്നതിനുള്ള ആവശ്യം കുറയ്ക്കും.
സ്വീകര്‍ത്താവിന്റെ പേര് നിര്‍ബന്ധം: ഇനി മുതല്‍ ഏതൊരു പേയ്മെന്റിനും മുമ്പ് സ്വീകര്‍ത്താവിന്റെ രജിസ്റ്റര്‍ ചെയ്ത പേര് യുപിഐ ആപ്പുകളില്‍ നിര്‍ബന്ധമായും കാണിക്കും. ഇത് തെറ്റായ അക്കൗണ്ടുകളിലേക്ക് പണം അയക്കുന്നത് തടയാനും സുരക്ഷ വര്‍ധിപ്പിക്കാനും സഹായിക്കും.
ഈ മാറ്റങ്ങള്‍ ദൈനംദിന യുപിഐ പേയ്‌മെന്റുകളെ നേരിട്ട് ബാധിക്കില്ലെങ്കിലും തുടര്‍ച്ചയായി ബാലന്‍സ് പരിശോധിക്കുന്നവര്‍ക്കും ഓട്ടോപേ ഇടപാടുകള്‍ നടത്തുന്നവര്‍ക്കും പുതിയ നിയമങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് സഹായകമാകും. സിസ്റ്റത്തിലെ ലോഡ് കുറയ്ക്കാനും ഇടപാടുകള്‍ കൂടുതല്‍ സുഗമമാക്കാനുമാണ് ഈനിയന്ത്രണങ്ങള്‍.