ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ ജയിലില്‍ കഴിയുന്ന മലയാളി കന്യാസ്ത്രീകളുടെ ജാമ്യത്തിനായി ഇന്ന് ഛത്തീസ്ഗഡ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. നിയമ വിദഗ്ധരുമായി ചര്‍ച്ച നടത്തിയ ശേഷം കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയാണ് ഇന്ന് ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. പഴുതടച്ച ജാമ്യാപേക്ഷ നല്‍കാനാണ് തീരുമാനം. ഇതിനായി മുതിര്‍ന്ന അഭിഭാഷകരെ നിയോഗിക്കും.
മജിസ്‌ട്രേറ്റ് കോടതിയും സെഷന്‍സ് കോടതിയും കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ പരിഗണിച്ചിരുന്നില്ല. മനുഷ്യക്കടത്ത് ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ എന്‍ഐഎ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കേണ്ടതെന്ന് സെഷന്‍സ് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ന് ജാമ്യാപേക്ഷ നല്‍കിയാലും എപ്പോള്‍ പരിഗണിക്കുമെന്ന് പറയാന്‍ ആകില്ല. ആവശ്യമെങ്കില്‍ സുപ്രീം കോടതിയില്‍ നിന്നടക്കം മുതിര്‍ന്ന അഭിഭാഷകരുടെ സേവനം ലഭ്യമാക്കുമെന്ന് കന്യാസ്ത്രീകളുടെ കുടുംബങ്ങള്‍ക്കൊപ്പം ഛത്തീസ്ഗഡിലുള്ള കോണ്‍ഗ്രസ് എംഎല്‍എമാരായ സജീവ് ജോസഫും റോജി എം. ജോണും പറഞ്ഞു.
അറസ്റ്റിലായ കന്യാസ്ത്രീകളുടെ സന്ന്യാസ സഭയായ അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്യുലേറ്റിന്റെ മദര്‍ സുപ്പീരിയര്‍ ഇസബെല്‍ ഫ്രാന്‍സിസ് ദുര്‍ഗിലെത്തി ഇരുവരേയും സന്ദര്‍ശിച്ചിരുന്നു. സിബിസിഐയുടെ സന്ന്യാസ പ്രതിനിധി സംഘവും ജയിലില്‍ കന്യാസ്ത്രീകളെ സന്ദര്‍ശിച്ചു. കൊടിക്കുന്നില്‍ സുരേഷിന്റെ നേതൃത്വത്തില്‍ ആന്റോ ആന്റണി, ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ്, രാജ്മോഹന്‍ ഉണ്ണിത്താന്‍ എന്നിവരടങ്ങുന്ന എംപിമാരുടെ സംഘം ഇന്ന് ദുര്‍ഗിലെത്തി കന്യാസ്ത്രീകളെ കാണും.
കന്യാസ്ത്രീകളുടെ അറസ്റ്റിനെ ജമാഅത്തെ ഇസ്ലാമി ഹിന്ദും അഖിലേന്ത്യാ കിസാന്‍സഭയും അപലപിച്ചു. മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മലയാളി കന്യാസ്ത്രീകളായ പ്രീതി മേരി, വന്ദന ഫ്രാന്‍സിസ് എന്നിവരെയും അവര്‍ക്കൊപ്പമുണ്ടായിരുന്ന ആദിവാസി യുവാവ് സുഖ്മാന്‍ മാണ്ഡവിനെയും പൊലീസ് അറസ്റ്റ് ചെയ്തത്.
ഛത്തീസ്ഗഡിലെ ജയിലില്‍ കഴിയുന്ന മലയാളി കന്യാസ്ത്രീകളുടെ മോചനത്തിന് വഴിയൊരുങ്ങുമെന്നാണ് കേരളത്തില്‍ നിന്നുള്ള എംപിമാരുടെ പ്രതീക്ഷ. ഇരുവരും നിരപരാധികളാണെന്ന് ബോധ്യപ്പെട്ടെന്ന നിലയിലാണ് അമിത് ഷാ സംസാരിച്ചതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം എംപിമാര്‍ പറഞ്ഞു. എന്‍ഐഎ കോടതിയില്‍ നിന്ന് ഈ കേസ് വിടുതല്‍ ചെയ്യിക്കുന്നതിന് ആവശ്യമായ അപേക്ഷ സംസ്ഥാന സര്‍ക്കാര്‍ നല്‍കും. എത്രയും വേഗം ജാമ്യം കിട്ടുമെന്ന പ്രതീക്ഷയാണ് അമിത് ഷാ പങ്കുവെച്ചത്. പ്രതിഷേധങ്ങളുടെ ഫലമാണിതെന്നും എംപിമാര്‍ പറഞ്ഞു. വിഷയത്തില്‍ ബിജെപിക്കെതിരേ ദേശീയ തലത്തിലും കേരളത്തിലും പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് അമിത് ഷായുടെ ഇടപെടല്‍.
അതേസമയം കന്യാസ്ത്രീകളെ ജയിലിലടച്ചതിനെതിരേ ക്രൈസ്തവ സമൂഹത്തില്‍ ഉയര്‍ന്ന പ്രതിഷേധത്തില്‍ ബിജെപി കേരളഘടകം നെട്ടോട്ടം ഓടുകയാണ്. പാര്‍ട്ടിയും സംഘപരിവാര്‍ സംഘടനകളും വ്യത്യസ്ത നിലപാട് എടുത്തതും കേരള ബിജെപിയെ അസ്വസ്ഥമാക്കുന്നു. അമിത് ഷായുടെ ഇടപെടലില്‍ കന്യാസ്ത്രീകള്‍ക്ക് ജാമ്യം കിട്ടിയാല്‍ ഏറ്റവും ആശ്വാസം കേരളത്തിലെ ബിജെപി നേതൃത്വത്തിനായിരിക്കും. എങ്കില്‍പ്പോലും തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്രൈസ്തവ ബന്ധം ഊട്ടിയുറപ്പിക്കാന്‍ ബിജെപിക്ക് കൂടുതല്‍ അധ്വാനിക്കേണ്ടി വരും.
കന്യാസ്ത്രീകള്‍ക്കുമേല്‍ ചുമത്തിയ നിര്‍ബന്ധിത മതപരിവര്‍ത്തനക്കുറ്റം അടിസ്ഥാന രഹിതമാണെന്ന നിലപാടായിരുന്നു ബുധനാഴ്ച സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറുടേത്. എന്നാല്‍ ഛത്തീസ്ഗഡിലും മറ്റും നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ഗൗരവമുള്ള വിഷയങ്ങളായതിനാലാണ് അവ നിരോധിക്കുന്ന കര്‍ശന നിയമം ഉള്ളതെന്നാണ് വ്യാഴാഴ്ച അദേഹം പറഞ്ഞത്. ചില ഓര്‍മ്മപ്പെടുത്തലുണ്ടെന്ന് പറഞ്ഞ് മുന്‍ പ്രസിഡന്റ് കെ. സുരേന്ദ്രനും വ്യത്യസ്ത നിലപാടെടുത്തിരുന്നു. ഹിന്ദുക്കളെ മതം മാറ്റുന്ന പ്രവര്‍ത്തനം ആര് നടത്തിയാലും എതിര്‍ക്കുമെന്നും അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുന്‍പ് കുറ്റാരോപിതരെ നിരപരാധികളായി പ്രഖ്യാപിക്കാനുള്ള നീക്കം ഇരകളോടുള്ള അനീതിയാണെന്നുമായിരുന്നു ഹിന്ദു ഐക്യവേദിയുടെ പ്രതികരണം.
കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാരില്‍ സുരേഷ് ഗോപി ഒരക്ഷരംമിണ്ടാതെ മാറിനിന്നപ്പോള്‍, ജോര്‍ജ് കുര്യന്‍ ഛത്തീസ്ഗഡ് സര്‍ക്കാരല്ല കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതെന്നും യാത്രയ്ക്കിടെ ടിടിഇ സംശയം പ്രകടിപ്പിച്ചതോടെ പൊലീസ് ഇടപെട്ടതാണെന്നും പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു.