വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതുക്കിയ തീരുവ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. റഷ്യയുമായി ഇന്ത്യ സഹകരിക്കുന്നെന്ന കാരണത്താല്‍ 25 ശതമാനമാണ് ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് ട്രംപ് അധിക നികുതി ചുമത്തിയിരിക്കുന്നത്. ഇന്ത്യ-അമേരിക്ക വ്യാപാര കരാറിന്റെ ചര്‍ച്ചകള്‍ അവസാനിക്കുന്നതിന് മുന്നെയാണ് ട്രംപിന്റെ നികുതി തീരുമാനം. അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ നികുതി കുറയ്ക്കാത്തതിന് പകരമായാണ് ഉയര്‍ന്ന നികുതി ചുമത്തിയിരിക്കുന്നതെന്നാണ് അമേരിക്ക വ്യക്തമാക്കിയിരിക്കുന്നത്.
70 ല്‍ അധികം രാജ്യങ്ങള്‍ക്ക് 10 ശതമാനം മുതല്‍ 41 ശഥമാനം വരെ പരസ്പര താരിഫ് ചുമത്തുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് വ്യാഴാഴ്ച ഒപ്പ് വച്ചിരുന്നു. ഇന്ത്യയുടെ ഉയര്‍ന്ന താരിഫുകള്‍, കര്‍ശനമായ പണേതര വ്യാപാര തടസങ്ങള്‍, റഷ്യയുമായുള്ള തുടര്‍ച്ചയായ സൈനിക, ഊര്‍ജ്ജ ബന്ധങ്ങള്‍ എന്നിവയാണ് ഈ നീക്കത്തിന് അടിസ്ഥാനമെന്ന് ട്രംപ് വ്യക്തമാക്കി.
ഇന്ത്യ സുഹൃത്താണ്. പക്ഷേ അവരുടെ താരിഫ് വളരെ ഉയര്‍ന്നതായതിനാല്‍ നമ്മള്‍ അവരുമായി താരതമ്യേന കുറച്ച് മാത്രമേ ഇടപാടുകള്‍ നടത്തിയിട്ടുള്ളൂ. കൂടാതെ ഏതൊരു രാജ്യത്തെക്കാളും ഏറ്റവും കഠിനമായ സാമ്പത്തികേതര വ്യാപാര തടസങ്ങള്‍ അവര്‍ക്കുണ്ടെന്നുമാണ് ഡൊണാള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്.
അതേസമയം അധിക തീരുവ ചുമത്തിയ നടപടി ഇന്നും പ്രതിപക്ഷം പാര്‍ലമെന്റില്‍ ഉന്നയിച്ചേക്കും. വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇരുസഭകളിലും ഇന്ന് നോട്ടീസ് നല്‍കും. മോഡിയുടെ വിദേശ നയം രാജ്യത്തെ സാമ്പത്തിക രംഗത്തെ ബാധിച്ചുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അധിക തീരുവ, മോഡദി സര്‍ക്കാരിന്റെ വിദേശ നയത്തിന്റെ പരാജയമായി ചൂണ്ടിക്കാട്ടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ ചര്‍ച്ച വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെടും.