പാകിസ്ഥാന് പത്ത് ശതമാനം നികുതി കുറച്ച് ട്രംപ്; ഇന്ത്യയ്ക്ക് തീരുവ 25 ശതമാനം : ഓഗസ്റ്റ് ഏഴ് മുതല്‍ പ്രാബല്യത്തില്‍

പാകിസ്ഥാന് പത്ത് ശതമാനം നികുതി കുറച്ച് ട്രംപ്; ഇന്ത്യയ്ക്ക് തീരുവ 25 ശതമാനം : ഓഗസ്റ്റ് ഏഴ് മുതല്‍ പ്രാബല്യത്തില്‍

വാഷിങ്ടണ്‍: വിവിധ രാജ്യങ്ങള്‍ക്ക് 10 മുതല്‍ 50 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്തിയുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് ഇന്ന് പുറത്തിറങ്ങി.

ഏഴ് ദിവസത്തിനകം പുതിയ നികുതി തീരുവ നിലവില്‍ വരും. പാകിസ്ഥാന് 10 ശതമാനം നികുതി കുറച്ചു നല്‍കിയപ്പോള്‍ ഇന്ത്യയ്ക്ക് 25 ശതമാനം തന്നെയാണ് തീരുവ.

ബ്രസീലിനാണ് ഏറ്റവും കൂടുതല്‍ തീരുവ. 50 ശതമാനം. സിറിയയ്ക്ക് 41 ശതമാനം തീരുവ ചുമത്തിയപ്പോള്‍ കാനഡയ്ക്ക് ചുമത്തിയത് 35 ശതമാനമാണ്. ഇന്ത്യയ്ക്ക് 25 ശതമാനവും തായ്വാന് 20 ശതമാനവും നികുതി ചുമത്തിയപ്പോള്‍ 39 ശതമാനമാണ് സ്വിറ്റ്സര്‍ലാന്‍ഡിന് നികുതി.

പാകിസ്ഥാന്റെ ഇറക്കുമതി തീരുവ 29 ശതമാനത്തില്‍ നിന്ന് 19 ആയി കുറച്ചു. യൂറോപ്യന്‍ യൂണിയനും ജപ്പാനും അടക്കമുള്ള വ്യാപാര പങ്കാളികളുമായുള്ള കരാറുകള്‍ക്ക് പുറമേയാണിത്. പുറത്തിറക്കിയ പട്ടികയിലില്ലാത്ത മറ്റെല്ലാ രാജ്യങ്ങള്‍ക്കും 10 ശതമാനമായിരിക്കും വ്യാപാര തീരുവ ചുമത്തുക.

മറ്റ് ചില രാജ്യങ്ങളുമായി വ്യാപാര ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും അമേരിക്കയുമായി സാമ്പത്തിക-ദേശീയ സുരക്ഷാ കാര്യങ്ങളില്‍ മതിയായ യോജിപ്പിലെത്തിയിട്ടില്ലെന്നും പ്രസിഡന്റ് ട്രംപ് വ്യക്തമാക്കുന്നു.

വടക്കേ അമേരിക്കന്‍ വ്യാപാര ഉടമ്പടി പ്രകാരം മെക്സിക്കോയില്‍ നിന്നും കാനഡയില്‍ നിന്നുമുളള വസ്തുക്കള്‍ക്ക് ഇപ്പോഴും ഇളവ് നിലവിലുണ്ടെന്നും പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. 25 ശതമാനം നികുതി ഏര്‍പ്പെടുത്തിയിരുന്ന കാനഡയ്ക്ക് പുതിയ കരാറനുസരിച്ച് 35 ശതമാനമാണ് തീരുവ.

മെക്സിക്കോയില്‍ നിന്നുള്ള മെക്സിക്കന്‍ സ്റ്റീല്‍, അലുമിനിയം, ചെമ്പ് എന്നിവയ്ക്ക് ട്രംപ് 50 ശതമാനം തീരുവയാണ് പ്രഖ്യാപിച്ചത്.അതേസമയം മറ്റ് ചില വിഭാഗങ്ങള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി 25 ശതമാനമാണ് തീരുവ.

ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ അഫ്ഗാന് 15 ശതമാനവും ബംഗ്ലാദേശിന് 20 ശതമാനവും കംബോഡിയയ്ക്ക് 19 ശതമാനവും ആണ് അമേരിക്ക ചുമത്തിയ പുതിയ ഇറക്കുമതി തീരുവ.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.