റായ്പൂര്‍: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി നേതൃത്വവും നല്‍കിയ ഉറപ്പുകള്‍ക്ക് വിരുദ്ധമായി, ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി ക്രൈസ്തവ സന്യാസിനിമാര്‍ക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ കോടതിയില്‍ എതിര്‍ത്തു.
സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവരുടെ ജാമ്യാപേക്ഷ ബിലാസ്പൂര്‍ എന്‍ഐഎ കോടതിയില്‍ പരിഗണനയ്ക്ക് വന്നപ്പോഴാണ് പ്രോസിക്യൂഷന്‍ വിരുദ്ധ നിലപാടെടുത്തത്. ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും.
കേസ് അന്വേഷണ ഘട്ടത്തിലാണെന്നാണ് ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. വാദത്തിനിടെ കേസ് ഡയറി കോടതി വിളിച്ചു വരുത്തിയിരുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ അമൃതോ ദാസ് ആണ് കന്യാസ്ത്രീകള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായത്.
ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തില്‍ നിന്നുള്ള എംപിമാരുടെ സംഘത്തിന് ഉറപ്പു നല്‍കിയിരുന്നു. പ്രധാനമന്ത്രിയും അമിത് ഷായും ഇക്കാര്യം ഉറപ്പ് നല്‍കിയതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം ഇരുവരുടെയും ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളിയിരുന്നു. കേസ് പരിഗണിക്കാന്‍ അധികാരമില്ലെന്ന് വ്യക്തമാക്കിയ കോടതി ബിലാസ്പുരിലെ എന്‍ഐഎ കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. കേസില്‍ ആരോപിച്ചിരിക്കുന്ന മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നീ കുറ്റങ്ങള്‍ അധികാര പരിധിയിലല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു സെഷന്‍സ് കോടതി നടപടി.
കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്ത പശ്ചാത്തലത്തില്‍ ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സിബിസിഐ പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്തുമായി രാവിലെ കൂടിക്കാഴ്ച നടത്തിയിരുന്നു.
അറസ്റ്റില്‍ വേദനയും അമര്‍ഷവും ഉണ്ടെന്നും എത്രയും വേഗം മോചനം സാധ്യമാക്കണമെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. കന്യാസ്ത്രീകളുടെ അറസ്റ്റ് ഭരണഘടനയ്ക്കും മതസ്വാതന്ത്ര്യത്തിനും എതിരാണെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
'പ്രശ്നം പരിഹരിക്കാന്‍ ഇടപെടല്‍ നടക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖര്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചു. ജാമ്യം കിട്ടുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി. ആഭ്യന്തരമന്ത്രി അമിത്ഷായും ഇക്കാര്യം പറഞ്ഞിട്ടുണ്ട്.
ഛത്തീസ്ഗഡ് സര്‍ക്കാര്‍ ജാമ്യത്തെ എതിര്‍ക്കില്ലെന്ന് ഇരുവരും അറിയിച്ചു. ഇതില്‍ രാഷ്ട്രീയം കാണരുത്. ജനങ്ങളെ സഹായിക്കാന്‍ രാഷ്ട്രീയമോ മതമോ ബിജെപി നോക്കില്ല. അറസ്റ്റ് ഒരു തെറ്റിദ്ധാരണയെ തുടര്‍ന്നായിരുന്നു' എന്നാണ് രാജീവ് ചന്ദ്രശേഖര്‍ ഇന്ന് രാവിലെ പറഞ്ഞത്.