ന്യൂഡല്‍ഹി: ബിജെപിക്ക് വേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ട് മോഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന ഗുരുതര ആരോപണവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബിഹാര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പുനരവലോകനത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍.
ഇതു സംബന്ധിച്ച് നൂറ് ശതമാനം തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും കോണ്‍ഗ്രസ് അന്വോഷിച്ചു കണ്ടെത്തിയ തെളിവുകള്‍ രാജ്യത്തെയൊട്ടാകെ ഞെട്ടിക്കുന്ന ആണവ ബോംബാണെന്നും രാഹുല്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
'വോട്ട് മോഷണത്തെ കുറിച്ച് ഞങ്ങള്‍ക്ക് സംശയമുണ്ടായിരുന്നു. ഞങ്ങള്‍ കണക്കുകള്‍ സൂക്ഷ്മമായി പരിശോധിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തു നിന്ന് സഹായം ലഭിക്കാത്തതിനെ തുടര്‍ന്ന് ഞങ്ങള്‍ തന്നെ പരിശോധിച്ചു.
ആറ് മാസമെടുത്ത് ഞങ്ങള്‍ കണ്ടെത്തിയ സംഗതികള്‍ ഒരു ആണവ ബോംബിന് സമാനമാണ്. ആ ബോംബിന്റെ സ്ഫോടനമുണ്ടാകുന്നതോടെ രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്നെ നിങ്ങള്‍ കാണില്ല'- രാഹുല്‍ പറഞ്ഞു.
വോട്ട് മോഷണത്തില്‍ പങ്കാളികളായ മുകള്‍ത്തട്ടിലുള്ളവര്‍ തുടങ്ങി താഴേത്തട്ടിലുള്ളവര്‍ വരെയുള്ള ഒരാളേയും വെറുതെ വിടില്ല. നിങ്ങള്‍ ഇന്ത്യയ്ക്കെതിരെ പ്രവര്‍ത്തിക്കുകയാണ്. ദേശ ദ്രോഹമാണിത്. നിങ്ങള്‍ എവിടെയായാലും സേവനത്തില്‍ നിന്ന് വിരമിച്ചവരായാലും ഞങ്ങള്‍ നിങ്ങളെ കണ്ടെത്തിയിരിക്കുമെന്നും രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കി.
അതേസമയം, രാഹുലിന്റെ വോട്ട് മോഷണം എന്ന പുതിയ ആരോപണം 'അടിസ്ഥാന രഹിതം' എന്നാണ് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം.