'നമ്മള്‍ എന്തെങ്കിലും വാങ്ങുമ്പോള്‍ ഒരു ഇന്ത്യക്കാരന്‍ വിയര്‍പ്പൊഴുക്കിയ സാധനങ്ങള്‍ മാത്രമേ വാങ്ങു എന്ന് തീരുമാനിക്കണം'; ട്രംപിന്റെ തീരുവയ്ക്ക് മോഡിയുടെ 'സ്വദേശി' മറുപടി

 'നമ്മള്‍ എന്തെങ്കിലും വാങ്ങുമ്പോള്‍ ഒരു ഇന്ത്യക്കാരന്‍ വിയര്‍പ്പൊഴുക്കിയ സാധനങ്ങള്‍ മാത്രമേ വാങ്ങു എന്ന് തീരുമാനിക്കണം'; ട്രംപിന്റെ തീരുവയ്ക്ക് മോഡിയുടെ 'സ്വദേശി' മറുപടി

വാരാണസി: ലോക സമ്പദ്‌വ്യവസ്ഥ അനിശ്ചിതത്വത്തിന്റെ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അതിനാല്‍ 'സ്വദേശി' (മെയ്ഡ് ഇന്‍ ഇന്ത്യ) ഉല്‍പ്പന്നങ്ങള്‍ക്ക് ഊന്നല്‍ നല്‍കണം. ഇന്ത്യയില്‍ നിന്ന് യുഎസിലേക്ക് കയറ്റി അയയ്ക്കുന്ന ചരക്കുകള്‍ക്ക് 25 ശതമാനം തീരുവയും റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ പിഴച്ചുങ്കവും ചുമത്താനുമുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.

ലോക സമ്പദ്‌വ്യവസ്ഥ പല ഉയര്‍ച്ച താഴ്ചകളിലൂടെയാണ് കടന്നുപോകുന്നത്. എല്ലായിടത്തും അനിശ്ചിതത്വത്തിന്റെ അന്തരീക്ഷം ഉണ്ട്. ഈ സാഹചര്യത്തില്‍, ഓരോ രാജ്യവും സ്വന്തം താല്‍പ്പര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറാന്‍ പോകുകയാണ്. അതിനാല്‍ അതിന്റെ സാമ്പത്തിക താല്‍പ്പര്യങ്ങളില്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ പൗരന്മാര്‍ എന്ന നിലയില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വങ്ങളുണ്ട്. ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാളും ഏതൊരു രാഷ്ട്രീയ പാര്‍ട്ടിയും ഏതൊരു നേതാവും രാജ്യ താല്‍പര്യങ്ങള്‍ക്കായി സംസാരിക്കുകയും സ്വദേശി ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ പ്രതിജ്ഞയെടുക്കാന്‍ ജനങ്ങളെ ബോധ്യപ്പെടുത്തുകയും വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

നമ്മള്‍ എന്തെങ്കിലും വാങ്ങാന്‍ തീരുമാനിക്കുമ്പോള്‍ ഒരു ഇന്ത്യക്കാരന്‍ വിയര്‍പ്പൊഴുക്കി ഉണ്ടാക്കിയ സാധനങ്ങള്‍ മാത്രമേ വാങ്ങുകയുള്ളൂ എന്ന ഒരൊറ്റ അളവുകോല്‍ മാത്രമേ ഉണ്ടാകാവൂ. ഇന്ത്യയിലെ ജനങ്ങള്‍, ഇന്ത്യയിലെ ജനങ്ങളുടെ കഴിവും വിയര്‍പ്പും ഉപയോഗിച്ച് നിര്‍മ്മിച്ചതെന്തും നമുക്ക് സ്വദേശിയാണ്. നമ്മള്‍ 'വോക്കല്‍ ഫോര്‍ ലോക്കല്‍' എന്ന മന്ത്രം സ്വീകരിക്കേണ്ടി വരുമെന്നും അദേഹം വ്യക്തമാക്കി.

'മെയ്ക്ക് ഇന്‍ ഇന്ത്യ' ഉല്‍പ്പന്നങ്ങള്‍ക്ക് പ്രചോദനം നല്‍കണമെന്ന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി, വാങ്ങുന്ന എല്ലാ പുതിയ സാധനങ്ങളും സ്വദേശി ആയിരിക്കുമെന്ന് പ്രതിജ്ഞയെടുക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ മാത്രമേ വില്‍ക്കുകയുള്ളൂവെന്ന് തീരുമാനം എടുക്കാന്‍ വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരോടും അദേഹം ആവശ്യപ്പെട്ടു. കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ വികസിത ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ കഴിയൂവെന്നും പ്രധാനമന്ത്രി ഓര്‍മ്മപ്പെടുത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.