സ്റ്റേഷനുകളില്‍ വെയിറ്റിങ് ലിസ്റ്റുകാര്‍ക്ക് ഇനി കാത്തിരിപ്പ് കേന്ദ്രം; പ്ലാറ്റ്ഫോമിലേക്ക് പ്രവേശനമില്ല

 സ്റ്റേഷനുകളില്‍ വെയിറ്റിങ് ലിസ്റ്റുകാര്‍ക്ക് ഇനി കാത്തിരിപ്പ് കേന്ദ്രം; പ്ലാറ്റ്ഫോമിലേക്ക് പ്രവേശനമില്ല

കൊച്ചി: റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമിലേക്ക് വെയിറ്റിങ് ലിസ്റ്റ് യാത്രക്കാര്‍ക്ക് ഇനി നേരിട്ട് പ്രവേശനമില്ല. ഉറപ്പായ ടിക്കറ്റുകാര്‍ക്ക് മാത്രമായിരിക്കും ഇനി പ്ലാറ്റ്ഫോമില്‍ നേരിട്ട് പ്രവേശനം. രാജ്യത്ത് ആദ്യഘട്ടം 73 റെയില്‍വേ സ്റ്റേഷനുകളിലാണ് പദ്ധതി വരുന്നത്. വണ്ടി വരുന്നതുവരെ വെയ്റ്റിങ് ലിസ്റ്റുകാര്‍ കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇരിക്കണം.

ഇതിനായി സ്റ്റേഷന് പുറത്ത് സ്ഥിരം കാത്തിരിപ്പ് കേന്ദ്രം വരും. പ്ലാറ്റ്ഫോമുകളിലെ തിരക്ക് കുറയ്ക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി എല്ലാ അനധികൃത പ്രവേശന വഴികളും പൂട്ടും. ന്യൂഡല്‍ഹി, ആനന്ദ് വിഹാര്‍, വാരാണസി, അയോധ്യ, ഗാസിയാബാദ് സ്റ്റേഷനുകളില്‍ പൈലറ്റ് പദ്ധതി തുടങ്ങി. ട്രെയിനുകളിലെ വെയിറ്റിങ് ലിസ്റ്റ് 60 ശതമാനമാക്കി കുറച്ചിരുന്നു. റിസര്‍വ് കോച്ചുകളിലെ തിരക്ക് കുറയ്ക്കുകയായിരുന്നു ലക്ഷ്യം. ഇതിന് പിന്നാലെയാണ് റെയില്‍വേയുടെ ഈ നടപടി.

2024 ലെ ഉത്സവ സീസണിലെ തിരക്ക് കുറയ്ക്കാന്‍ സ്റ്റേഷനുകള്‍ക്ക് പുറത്ത് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ (ഹോള്‍ഡിങ് ഏരിയ) ഒരുക്കിയിരുന്നു. ന്യൂഡല്‍ഹി, സൂറത്ത്, ഉധ്‌ന, പട്‌ന, പ്രയാഗ് എന്നീ സ്റ്റേഷനുകളില്‍ വലിയ ജനക്കൂട്ടത്തെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു. വണ്ടി പ്ലാറ്റ്‌ഫോമില്‍ എത്തുമ്പോഴാണ് യാത്രക്കാരെ പ്രവേശിപ്പിച്ചത്. കാത്തിരിപ്പ് സ്ഥലത്ത് തിരക്ക് നിയന്ത്രിക്കപ്പെട്ടപ്പോള്‍ പ്ലാറ്റ്‌ഫോമുകളിലെ തിരക്ക് കുറഞ്ഞു. ഇതാണ് ഇന്ത്യയിലെ വിവിധ സ്റ്റേഷനുകളില്‍ പരീക്ഷിക്കുന്നത്.

സ്റ്റേഷന്റെയും ലഭ്യമായ വണ്ടികളുടെയും ശേഷി അനുസരിച്ച് ടിക്കറ്റുകളുടെ വില്‍പ്പന നിയന്ത്രിക്കും. അനധികൃത കടന്നുവരവ് മനസ്സിലാക്കാന്‍ എല്ലാ ജീവനക്കാര്‍ക്കും സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കും പുതിയ മാതൃകയില്‍ തിരിച്ചറിയല്‍ കാര്‍ഡും യൂണിഫോമും നല്‍കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.