'സ്വന്തം ശവക്കുഴി വെട്ടുകയാണ്'; ഇസ്രയേലി ബന്ദിയുടെ വിഡിയോ പുറത്തുവിട്ട് ഹമാസ്: ദൃശ്യങ്ങള്‍ ഞെട്ടലുണ്ടാക്കുന്നതെന്ന് നെതന്യാഹു

'സ്വന്തം ശവക്കുഴി വെട്ടുകയാണ്'; ഇസ്രയേലി ബന്ദിയുടെ വിഡിയോ പുറത്തുവിട്ട് ഹമാസ്: ദൃശ്യങ്ങള്‍ ഞെട്ടലുണ്ടാക്കുന്നതെന്ന് നെതന്യാഹു

ഗാസ സിറ്റി: 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നിന്ന് തട്ടികൊണ്ടുപോയ ബന്ദിയുടെ വീഡിയോ പുറത്ത് വിട്ട് ഹമാസ്. ഇരുപത്തിനാലുകാരനായ എവ്യാതര്‍ ഡേവിഡിന്റെ വീഡിയോയാണ് ഹമാസ് പുറത്ത് വിട്ടത്. പട്ടിണിയിലായ യുവാവ് ക്ഷീണിതനായ നിലയിലാണ് വിഡിയോയിലുള്ളത്.

ഇരുപത്തിനാലുകാരനായ യുവാവ് ആയുധം ഉപയോഗിച്ച് ഒരു തുരങ്കത്തിനുള്ളില്‍ കുഴിയൊരുക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. മരിക്കുമ്പോള്‍ തന്നെ അടക്കാനുള്ള കുഴി ഒരുക്കുകയാണെന്ന് ഡേവിഡ് വീഡിയോയില്‍ പറയുന്നു. ഓരോ ദിവസവും ശരീരം ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്. ഞാന്‍ നേരെ എന്റെ ശവക്കുഴിയിലേക്ക് നടക്കുകയാണ്. എന്നെ സംസ്‌കരിക്കാന്‍ പോകുന്ന ശവക്കുഴി അവിടെയാണ്- ഹീബ്രു ഭാഷയില്‍ യുവാവ് പറയുന്നു.

ലോകം കണ്ട ഏറ്റവും ഭയാനകമായ പ്രവൃത്തിയാണ് ഹമാസിന്റേതെന്ന് ഡേവിഡിന്റെ മാതാപിതാക്കള്‍ പറഞ്ഞു.  ഹമാസിന്‍റെ പ്രൊപ്പഗണ്ട പ്രചാരണത്തിന്‍റെ ഭാഗമായി ഡേവിഡിനെ ബോധപൂർവം പട്ടിണിയിലാക്കിയതാണ്. ഡേവിഡിന്‍റെ സഹായത്തിനായി പറ്റാവുന്നതെല്ലാം ചെയ്യാന്‍ കുടുംബം ഇസ്രയേലി സര്‍ക്കാരിനോടും ലോകത്തോടും ആവശ്യപ്പെട്ടു.

വീഡിയോ പുറത്തു വന്നതിന് പിന്നാലെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഡേവിഡിന്റെ കുടുംബവുമായി സംസാരിച്ചു. ദൃശ്യങ്ങള്‍ ഞെട്ടലുണ്ടാക്കുന്നുവെന്നും എല്ലാ ബന്ദികളെയും മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതായും നെതന്യാഹു ആവര്‍ത്തിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.